റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളില്‍ ഏറ്റവും മികച്ച കളിക്കാരന്റെ പേര് പറഞ്ഞ് ഈഡന്‍ ഹസാര്‍ഡ്. കളത്തില്‍ കൂടുതല്‍ സമയം ഒരുമിച്ച് പങ്കുവെച്ചിട്ടും ഹസാര്‍ഡ് കരിം ബാന്‍സെമ, ലൂക്ക മോഡ്രിച്ച്, തിബൗട്ട് കുര്‍ട്ടോയിസ് എന്നീ താരങ്ങളുടെ പേര് പറഞ്ഞില്ല.
ലോസ് ബ്ലോങ്കോസിലെ നിര്‍ണായക താരം ബ്രസീല്‍ സൂപ്പര്‍ സ്ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. വിനീഷ്യസ് മികച്ച കളിക്കാരനാണെന്നും അതുകൊണ്ടാണ് കളിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഫൗളുകള്‍ വീഴുന്നതെന്നും ഹസാര്‍ഡ് പറഞ്ഞു. എതിരാളികള്‍ക്ക് വിനിയെ എങ്ങനെ തടയണമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക ഫുട്ബോളര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് താനെന്ന് വിനീഷ്യസ് മനസിലാക്കണമെന്നും റയല്‍ മാഡ്രിഡില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ സാധിക്കാത്ത കളിക്കാരനാണ് അദ്ദേഹമെന്നും ഹസാര്‍ഡ് പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഈ സീസണില്‍ മികച്ച പ്രകടനമാണ് വിനീഷ്യസ് റയല്‍ മാഡ്രിഡില്‍ കാഴ്ചവെക്കുന്നത്. കാര്‍ലോ ആന്‍സലോട്ടയുടെ പരിശീലനത്തിന് കീഴില്‍ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.
അതേസമയം, യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു വിനീഷ്യസ് ജൂനിയര്‍ കാഴ്ചവെച്ചത്. സെന്ത്യാഗോ ബെര്‍ണബ്യൂവില്‍ നടന്ന വാശിയേറിയ പോരാട്ടം 1-1 ന്റെ സമനിലയില്‍ പിരിയുകയായിരുന്നു. വിനീഷ്യസ് ആണ് റയല്‍ മാഡ്രിഡിനായി ഗോള്‍ നേടിയത്.
ഈ ഗോള്‍ നേട്ടത്തോടെ റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് താരം. ചാമ്പ്യന്‍സ് ലീഗിലെ എക്കാലത്തെയും മികച്ച ഗോള്‍ സ്‌കോററായ റൊണാള്‍ഡോയുടേതിന് സമാനമായി തുടര്‍ച്ചയായ 11 യു.സി.എല്‍ മത്സരങ്ങളില്‍ ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തിയിരിക്കുകയാണ് വിനീഷ്യസ്. റെക്കോഡ് നേട്ടത്തിന് പിന്നാലെ നിരവധിയാരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
മെയ് 18ന് ഇത്തിഹാദില്‍ വെച്ചാണ് സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരം. മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ തോല്‍പ്പിക്കാനായാല്‍ മാത്രമെ റയല്‍ മാഡ്രിഡിന് ഫൈനലില്‍ ഇടം നേടാനാകൂ.
കഴിഞ്ഞ ദിവസം ലാ ലിഗയില്‍ നടന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു. ഗെറ്റാഫക്കെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ ജയം.
മത്സരത്തിന്റെ 70ാം മിനിട്ടില്‍ മാര്‍ക്കോ അസെന്‍സിയോ ആണ് റയല്‍ മാഡ്രിഡിനായി വിജയ ഗോള്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഇതുവരെ നടന്ന 34 മത്സരങ്ങളില്‍ 22 ജയവും 71 പോയിന്റുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് റയല്‍. 11 പോയിന്റെ വ്യത്യാസത്തില്‍ ബാഴ്‌സലോണ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.