മെസി-റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ മികച്ചത് ആരെന്ന് ചൂണ്ടിക്കാട്ടി ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ്. താരം 2019ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. രണ്ട് ഗോട്ടുകള്‍ എന്ന് ഒരിക്കലും പറയാനാകില്ലെന്നും മെസി മാത്രമാണ് ഈ വിശേഷണത്തിന് അര്‍ഹനായിട്ടുള്ളതെന്നുമാണ് ഹസാര്‍ഡ് പറഞ്ഞത്. മെസി സ്പെഷ്യല്‍ കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് ഗോട്ടുകള്‍ ഉണ്ടെന്ന് പറയുന്നു? അതിനൊരു വഴിയുമില്ല. ഒരേയൊരു ഗോട്ട് മാത്രമേയുള്ളൂ അത്, ലയണല്‍ മെസിയാണ്. 2018ല്‍ രണ്ട് മത്സരങ്ങളില്‍ ഞങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ അതെന്റെ അത്ര നല്ല ഓര്‍മയായിരുന്നില്ല.
ബാഴ്‌സലോണക്കും മെസിക്കുമെതിരെ കളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. പക്ഷേ മത്സരത്തില്‍ പ്രതീക്ഷിച്ചത് നല്‍കാന്‍ എനിക്കായില്ല. എന്റെ മൂന്ന് ആണ്‍മക്കളില്‍ മൂത്തവന്‍ ഒരു വലിയ മെസി ആരാധകനാണ്. യഥാര്‍ത്ഥത്തില്‍ നമ്മളെല്ലാം മെസി ആരാധകരാണ്. മെസി ഒരു സ്പെഷ്യല്‍ പ്ലെയറാണ്,’ ഹസാര്‍ഡ് പറഞ്ഞു.
അതേസമയം, കഴിഞ്ഞ ഡിസംബറിലാണ് ഈഡന്‍ ഹസാര്‍ഡ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകകപ്പില്‍ നിന്ന് പുറത്തായതിന് പിന്നാലെയായിരുന്നു താരത്തിന്റെ വിരമിക്കല്‍.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രൊയേഷ്യയോട് സമനില വഴങ്ങിയതോടെ ബെല്‍ജിയം ലോകകപ്പില്‍ നിന്ന് പുറത്താവുകയായിരുന്നു. ദേശീയ ടീമിന് വേണ്ടി ഇതുവരെ 126 മത്സരങ്ങളില്‍ നിന്ന് 33 ഗോളുകള്‍ താരം നേടിയിട്ടുണ്ട്.
2014, 2018, 2022 ലോകകപ്പുകളിലാണ് ഹസാര്‍ഡ് ബെല്‍ജിയം ടീമിനൊപ്പം കളിച്ചത്. ഖത്തര്‍ ലോകകപ്പില്‍ മികച്ച ഫോമില്‍ കളിക്കാന്‍ സാധിക്കാത്തതിനാലാണ് താരം പെട്ടെന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.