മെസി-റൊണാള്‍ഡോ ഗോട്ട് ഡിബേറ്റില്‍ മികച്ചത് ആരെന്ന് ചൂണ്ടിക്കാട്ടി ബെല്‍ജിയം സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ്. താരം 2019ല്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞ വാചകങ്ങള്‍ ശ്രദ്ധ നേടുകയാണിപ്പോള്‍. രണ്ട് ഗോട്ടുകള്‍ എന്ന് ഒരിക്കലും പറയാനാകില്ലെന്നും മെസി മാത്രമാണ് ഈ വിശേഷണത്തിന് അര്‍ഹനായിട്ടുള്ളതെന്നുമാണ് ഹസാര്‍ഡ് പറഞ്ഞത്. മെസി സ്‌പെഷ്യല്‍ കളിക്കാരനാണെന്നും അദ്ദേഹം പറഞ്ഞു.
‘രണ്ട് ഗോട്ടുകള്‍ ഉണ്ടെന്ന് പറയുന്നു? അതിനൊരു വഴിയുമില്ല. ഒരേയൊരു ഗോട്ട് മാത്രമേയുള്ളൂ അത്, ലയണല്‍ മെസിയാണ്. 2018ല്‍ രണ്ട് മത്സരങ്ങളില്‍ ഞങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍ അതെന്റെ അത്ര നല്ല ഓര്‍മയായിരുന്നില്ല.
ബാഴ്സലോണക്കും മെസിക്കുമെതിരെ കളിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ടായിരുന്നു. പക്ഷേ മത്സരത്തില്‍ പ്രതീക്ഷിച്ചത് നല്‍കാന്‍ എനിക്കായില്ല. എന്റെ മൂന്ന് ആണ്‍മക്കളില്‍ മൂത്തവന്‍ ഒരു വലിയ മെസി ആരാധകനാണ്. യഥാര്‍ത്ഥത്തില്‍ നമ്മളെല്ലാം മെസി ആരാധകരാണ്. മെസി ഒരു സ്‌പെഷ്യല്‍ പ്ലെയറാണ്,’ ഹസാര്‍ഡ് പറഞ്ഞു.
അതേസമയം, ഈഡന്‍ ഹസാര്‍ഡിനെ ഇന്റര്‍ മയാമി സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ താരം ഓഫര്‍ നിരസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹസാര്‍ഡിന് അമേരിക്കയില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും യൂറോപ്പിലെ തന്നെ ഏതെങ്കിലും ക്ലബ്ബില്‍ ബൂട്ടുകെട്ടാനാണ് താരത്തിന്റെ ആഗ്രഹമെന്നുമാണ് റിപ്പോര്‍ട്ട്.
2019ല്‍ ചെല്‍സിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഹസാര്‍ഡ് നാല് വര്‍ഷക്കാലമാണ് ലോസ് ബ്ലാങ്കോസിനൊപ്പം ചെലവഴിച്ചത്. റയല്‍ മാഡ്രിഡ് ജേഴ്സിയില്‍ ഏഴ് ഗോളും നാല് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. പരിക്കുകളുടെ പിടിയിലകപ്പെട്ടതിനാല്‍ നിരവധി മത്സരങ്ങളില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇക്കാരണങ്ങളാല്‍ താരത്തിന് മറ്റ് ക്ലബ്ബുകളില്‍ നിന്നുള്ള ഓഫറുകള്‍ കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.