ബെന്‍സിമയും മോഡ്രിച്ചും അല്ല; റയല്‍ മാഡ്രിഡ് ഹീറോയെ കുറിച്ച് ഈഡന്‍ ഹസാര്‍ഡ്
Football
ബെന്‍സിമയും മോഡ്രിച്ചും അല്ല; റയല്‍ മാഡ്രിഡ് ഹീറോയെ കുറിച്ച് ഈഡന്‍ ഹസാര്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 8th July 2023, 11:10 pm

 

റയല്‍ മാഡ്രിഡില്‍ തന്റെ സഹതാരങ്ങളില്‍ ഏറ്റവും മികച്ച കളിക്കാരന്റെ പേര് പറഞ്ഞ് ഈഡന്‍ ഹസാര്‍ഡ്. കളത്തില്‍ കൂടുതല്‍ സമയം ഒരുമിച്ച് പങ്കുവെച്ചിട്ടും ഹസാര്‍ഡ് കരിം ബെന്‍സിമ, ലൂക്ക മോഡ്രിച്ച്, തിബൗട്ട് കുര്‍ട്ടോയിസ് എന്നീ താരങ്ങളുടെ പേര് പറഞ്ഞില്ല.

ലോസ് ബ്ലോങ്കോസിലെ നിര്‍ണായക താരം ബ്രസീല്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയര്‍ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. വിനീഷ്യസ് മികച്ച കളിക്കാരനാണെന്നും അതുകൊണ്ടാണ് കളിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഫൗളുകള്‍ വീഴുന്നതെന്നും ഹസാര്‍ഡ് പറഞ്ഞു. എതിരാളികള്‍ക്ക് വിനിയെ എങ്ങനെ തടയണമെന്ന കാര്യത്തില്‍ ആശങ്കയുണ്ടാകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക ഫുട്‌ബോളര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് താനെന്ന് വിനീഷ്യസ് മനസിലാക്കണമെന്നും റയല്‍ മാഡ്രിഡില്‍ മാറ്റിനിര്‍ത്തപ്പെടാന്‍ സാധിക്കാത്ത കളിക്കാരനാണ് അദ്ദേഹമെന്നും ഹസാര്‍ഡ് പറഞ്ഞു. സ്പാനിഷ് മാധ്യമമായ മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഈ സീസണില്‍ മികച്ച പ്രകടനമാണ് വിനീഷ്യസ് റയല്‍ മാഡ്രിഡില്‍ കാഴ്ചവെച്ചത്. കാര്‍ലോ ആന്‍സലോട്ടിയുടെ പരിശീലനത്തിന് കീഴില്‍ സീസണില്‍ ഇതുവരെ 17 ഗോളുകളാണ് താരം അക്കൗണ്ടിലാക്കിയിരിക്കുന്നത്.

2017നാണ് വിനീഷ്യസിനെ സ്വന്തമാക്കാനുള്ള കരാറില്‍ റയല്‍ മാഡ്രിഡ് ഒപ്പുവെക്കുന്നത്. 2018 ജൂലൈ 12ന് താരത്തിന്റെ 18ാം ജന്മദിനത്തിന് ശേഷമാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. ഈ അടുത്ത് വിനീഷ്യസ് വംശീയ അധിക്ഷേപം നേരിടുകയും അതിനെതിരെ താരം പ്രതിഷേധിക്കുകയും ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.

Content Highlights: Eden Hazard praise Vinicius Jr