| Wednesday, 26th July 2023, 5:34 pm

മെസിക്കൊപ്പം കളിക്കാനില്ല; അവസരം നിരസിച്ച് ഈഡന്‍ ഹസാര്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പ്രവേശനത്തോടെ മേജര്‍ സോക്കര്‍ ലീഗ് വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്. അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്കായി കളിച്ച രണ്ട് മത്സരങ്ങളിലും ഗോള്‍ നേടാന്‍ മെസിക്ക് സാധിച്ചിരുന്നു. തുടര്‍ച്ചയായി 15 മത്സരങ്ങളില്‍ പരാജയം നുണഞ്ഞ മയാമി മെസിയുടെ പ്രകടനത്തിന്റെ മികവില്‍ ജയത്തോടെ മുന്നേറുകയാണ്.

മെസിക്ക് പുറമെ ബാഴ്‌സലോണ ഇതിഹാസമായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും മയാമിയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ മത്സരത്തില്‍ ബുസിയുടെ അസിസ്റ്റിലായിരുന്നു മെസി ഗോള്‍ വലയിലെത്തിച്ചത്. മെസിക്കും ബുസ്‌ക്വെറ്റ്‌സിനുമൊപ്പം ബാഴ്‌സലോണയില്‍ ബൂട്ടുകെട്ടി ക്ലബ്ബിന്റെ നിരവധി ജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച ജോര്‍ധി ആല്‍ബയും ഉടന്‍ മയാമിയില്‍ ജോയിന്‍ ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാഴ്‌സലോണയുടെ ബെല്‍ജിയം താരമായ ഈഡന്‍ ഹസാര്‍ഡിനെ ഇന്റര്‍ മയാമി ക്ഷണിച്ചിരുന്നെന്നും എന്നാല്‍ താരം ഓഫര്‍ നിരസിക്കുകയുമായിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹസാര്‍ഡിന് അമേരിക്കയില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും യൂറോപ്പിലെ തന്നെ ഏതെങ്കിലും ക്ലബ്ബില്‍ ബൂട്ടുകെട്ടാനാണ് താരത്തിന്റെ ആഗ്രഹമെന്നുമാണ് റിപ്പോര്‍ട്ട്.

2019ല്‍ ചെല്‍സിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഹസാര്‍ഡ് നാല് വര്‍ഷക്കാലമാണ് ലോസ് ബ്ലാങ്കോസിനൊപ്പം ചെലവഴിച്ചത്. റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ഏഴ് ഗോളും നാല് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം. പരിക്കുകളുടെ പിടിയിലകപ്പെട്ടതിനാല്‍ നിരവധി മത്സരങ്ങളില്‍ നിന്ന് താരത്തിന് വിട്ടുനില്‍ക്കേണ്ടി വന്നിരുന്നു. ഇക്കാരണങ്ങളാല്‍ താരത്തിന് മറ്റ് ക്ലബ്ബുകളില്‍ നിന്നുള്ള ഓഫറുകള്‍ കുറവാണെന്നും റിപ്പോര്‍ട്ടുകളുണ്ട്‌.

Content Highlights: Eden Hazard denies offer from Inter Miami

We use cookies to give you the best possible experience. Learn more