| Saturday, 26th November 2022, 7:20 pm

ബെൽജിയം ലോകകപ്പ് നേടേണ്ട സുവർണാവസരം കളഞ്ഞു കുളിച്ചു; വെളിപ്പെടുത്തി സൂപ്പർ താരം ഈഡൻ ഹസാർഡ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റുകളിലെ സ്ഥിരം ഫേവറിറ്റുകളാണ് ബെൽജിയം. 2018ലെ റഷ്യൻ ലോകകപ്പിൽ മൂന്നാം സ്ഥാനം നേടാൻ ബെൽജിയത്തിന് സാധിച്ചിരുന്നു. ഒത്തൊരുമയുള്ള ടീമായി എത്തിയ ബെൽജിയത്തെ ഫ്രാൻസായിരുന്നു സെമിയിൽ പുറത്താക്കിയത്.

സുവർണ തലമുറ എന്നറിയപ്പെട്ട ബെൽജിയം സ്‌ക്വാഡിനെ ഈഡൻ ഹസാർഡ്, കെവിൻ ഡി ബ്രൂയ്ൻ , റൊമേലു ലുക്കാക്കു, ഡ്രൈസ് മെർട്ടൻസ്, കോർട്ടോയിസ് മുതലായ സൂപ്പർ താരങ്ങളാണ് മുന്നിൽ നിന്ന് നയിച്ചത് . 2018ൽ കപ്പിൽ മുത്തമിടാൻ ഏറെ സാധ്യത കൽപിക്കപ്പെട്ടിരുന്ന ടീം ആയിരുന്നു ബെൽജിയം.

പരസ്പര ധാരണയോടെ മികവിൽ കളിച്ചിരുന്ന സുവർണ തലമുറക്ക് വലിയ നഷ്ടം തന്നെയാണ് ലോകകപ്പ് കിരീടത്തിന്റെ അഭാവം. ലോകകപ്പ് നേടാനുള്ള സുവർണാവസരമായിരുന്നു ബെൽജിയം ടീം റഷ്യയിൽ നഷ്ടപ്പെടുത്തിയത് എന്ന അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ബെൽജിയം ഇതിഹാസ താരം ഈഡൻ ഹസാർഡ്.

“നാല് വർഷം മുമ്പുള്ള ബെൽജിയം ടീം തന്നെയാണ് മികച്ചവർ പക്ഷെ മത്സരങ്ങളും ടൂർണമെന്റുകളും ജയിക്കാൻ നിലവിലെ ടീമിന് കഴിവുണ്ട്. ഞങ്ങൾ(സുവർണ തലമുറ) ക്ക് പ്രായം കൂടി, കളിക്കാരും കുറവാണ് പക്ഷേ പരിചയസമ്പത്തും മികച്ച ഗോൾ കീപ്പർ കൈവശമുള്ളതും ഞങ്ങളുടെ കരുത്താണ്,’ ഹസാർഡ് പറഞ്ഞു.

ഫോർവേഡ് പൊസിഷൻ കളിക്കുന്ന താരം ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ സാധ്യതകളെയും വിലയിരുത്തി. സുവർണ തലമുറയോളം മികവില്ലെങ്കിലും ലോകകപ്പിൽ അത്ഭുതം സൃഷ്‌ടിക്കാൻ ശേഷിയുള്ളവർ തന്നെയാണ് നിലവിലെ ടീമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രായമായെങ്കിലും ഇപ്പോഴും ലോകകപ്പിൽ മികവോടെ കളിക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എഫ് ഗ്രൂപ്പിൽ കാനഡക്ക് മുന്നിൽ കഷ്ടപ്പെട്ട് ജയിച്ചുകയറിയ കളിയിൽ ബെൽജിയത്തിന്റെ പോരായ്മകൾ വെളിപ്പെട്ടിരുന്നു . തെറ്റുകൾ തിരുത്തി മുന്നോട്ടുപോവണമെന്നും ഭയപ്പെടരുതെന്നും അദ്ദേഹം ടീമിനെ ഉപദേശിച്ചു.

ബെൽജിയം കോച്ച് റോബർട്ടോ മാർട്ടിനസിന്റെ പരിശീലന രീതിയോട് താൽപര്യമില്ലെന്നും ഹസാർഡ് തുറന്നടിച്ചു. പരിശീലകൻ ടീമിനെ നന്നായി തയാറാകുന്നില്ല കൂടുതൽ പരിശീലന മത്സരങ്ങൾ നടത്തി ടീമിന് ഒത്തൊരുമ നേടികൊടുക്കണം എന്നുമാണ് ഹസാർഡിന്റെ വിമർശനം.

എഫ് ഗ്രൂപ്പിൽ ആദ്യ മത്സരം കാനഡയോട് കഷ്‌ടിച്ചാണ് ബെൽജിയം രക്ഷപെട്ടത്. 2018 ലോകകപ്പിലെ രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയെയും അട്ടിമറി വിജയം നേടാൻ ശക്തിയുള്ള മൊറോക്കോയേയും ആണ് അടുത്തതായി നേരിടാനുള്ളത്. ഗ്രൂപ്പിലെ എച്ചിലെ മറ്റൊരു മത്സരത്തിൽ മൊറോക്കോ ക്രൊയേഷ്യയേ സമനിലയിൽ തളച്ചു.

Content Highlights: Eden Hazard admits Belgium’s Golden Generation beyond best

We use cookies to give you the best possible experience. Learn more