| Sunday, 11th August 2024, 9:57 am

ഞാന്‍ റൊണാള്‍ഡോയേക്കാള്‍ മികച്ചവന്‍, എനിക്ക് മുമ്പില്‍ മെസി മാത്രം; ഞെട്ടിച്ച് മുന്‍ റയല്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചത് താനാണെന്ന വാദവുമായി മുന്‍ ബെല്‍ജിയന്‍ സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡ്. പ്രതിഭയുടെ കാര്യമെടുക്കുമ്പോള്‍ ലയണല്‍ മെസി മാത്രമേ തന്നേക്കാള്‍ മുമ്പിലുള്ളതെന്നും ഹസാര്‍ഡ് പറഞ്ഞു.

ഫ്രഞ്ച് ഔട്ട്‌ലെറ്റായ എല്‍ എക്വിപ്പേക്ക് നല്‍കിയ പ്രതികരണത്തിലാണ് ഹസാര്‍ഡ് താന്‍ റൊണാള്‍ഡോയെക്കാള്‍ മികച്ച താരമാണെന്ന് പറഞ്ഞത്. മാസങ്ങള്‍ക്ക് മുമ്പുള്ള താരത്തിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയുടെ ഭാഗമാവുകയാണ്.

‘ലയണല്‍ മെസിയുടെ മത്സരങ്ങള്‍ കാണാന്‍ ഞാന്‍ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു. മെസി ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണ്. കാരണം അദ്ദേഹത്തില്‍ നിന്നും പന്ത് പിടിച്ചെടുക്കുക എന്നുള്ളത് അസാധ്യമായ ഒരു കാര്യമാണ്.

വ്യക്തിപരമായി പറയുകയാണെങ്കില്‍ ഞാന്‍ റൊണാള്‍ഡോയെക്കാള്‍ മികച്ച ഫുട്‌ബോളറാണ്. ഒരു താരം എന്ന നിലയില്‍ റൊണാള്‍ഡോ എന്നെക്കാള്‍ മികച്ചവന്‍ തന്നെയാണ്, അക്കാര്യത്തില്‍ സംശയമില്ല. എന്നാല്‍ മികച്ച ഫുട്‌ബോള്‍ കണക്കിലെടുക്കുമ്പോള്‍ അങ്ങനെയാണെന്ന് എനിക്ക് തോന്നുന്നില്ല.

റൊണാള്‍ഡോ റയല്‍ മാഡ്രിഡില്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ബെന്‍സിമ, മോഡ്രിച്ച്, ടോണി ക്രൂസ് പോലുള്ള മികച്ച താരങ്ങളും അവിടെയുണ്ടായിരുന്നു,’ ഹസാര്‍ഡ് പറഞ്ഞു.

2019ലാണ് സ്റ്റാര്‍ഫോര്‍ഡ് ബ്രിഡ്ജില്‍ നിന്നും ഹസാര്‍ഡ് സാന്‍ഡിയാഗോ ബെര്‍ണാബ്യൂവിലെത്തുന്നത്. റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയുടെ ഏഴാം നമ്പര്‍ ജേഴ്‌സിയിലാണ് ബെല്‍ജിയന്‍ സൂപ്പര്‍ താരം കളിച്ചുതുടങ്ങിയത്.

എന്നാല്‍ പരിക്കുകള്‍ വില്ലനായതോടെ ഹസാര്‍ഡിന് റയല്‍ മാഡ്രിഡിനൊപ്പമുള്ള പല മത്സരങ്ങളും നഷ്ടപ്പെട്ടിരുന്നു.

നാല് സീസണുകളിലായി റയല്‍ മാഡ്രിഡിനായി 76 മത്സരങ്ങളില്‍ നിന്നും ഏഴ് ഗോളുകളും 12 അസിസ്റ്റുകളും ആണ് ഹസാര്‍ഡ് നേടിയത്. 2023ല്‍ താരം റയല്‍ മാഡ്രിഡുമായുള്ള കരാര്‍ അവസാനിപ്പിക്കുകയും ഫുട്ബോളില്‍ നിന്നും വിരമിക്കുകയുമായിരുന്നു.

2009ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും റയലിലെത്തി, ടീമിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാന താരങ്ങളിലൊരാളായാണ് ക്രിസ്റ്റ്യാനോ മാറിയത്. അവിസ്മരണീയമായ കരിയറായിരുന്നു താരം സ്പാനിഷ് വമ്പന്‍മാര്‍ക്കൊപ്പം കെട്ടിപ്പടുത്തത്. ഇതിനൊപ്പം എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സക്കെതിരെയും മെസിക്കെതിരെയും പിറന്ന മികച്ച മത്സരങ്ങളും താരത്തിന്റെ കരിയര്‍ ഡിഫൈനിങ് മൊമെന്റുകളായിരുന്നു.

451 ഗോളുകളാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനായി നേടിയത്. നാല് ചാമ്പ്യന്‍സ് ലീഗ്, രണ്ട് ലാ ലിഗ, രണ്ട് കോപ്പ ഡെല്‍ റേ, മൂന്ന് ക്ലബ്ബ് ലോകകപ്പ്, രണ്ട് യുവേഫ സൂപ്പര്‍ കപ്പ് എന്നീ കിരീടങ്ങളാണ് റൊണാള്‍ഡോ റയല്‍ മാഡ്രിഡിനൊപ്പം നേടിയിട്ടുള്ളത്.

Content highlight: Eden Hazard about Cristiano Ronaldo

We use cookies to give you the best possible experience. Learn more