സമകാലിക ഫുട്ബോള്‍ ലോകത്തെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആന്‍സലോട്ടി. 2021-22 സീസണില്‍ ആന്‍സലോട്ടിയുടെ ചിറകിലേറിയാണ് റയല്‍ മാഡ്രിഡ് ലാ ലിഗ ടൈറ്റിലും ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയത്.
എന്നാലിപ്പോള്‍ റയല്‍ പരിശീലകനായ കാര്‍ലോ ആന്‍സലോട്ടിയുമായുള്ള തന്റെ ബന്ധം അത്ര സുഖകരമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റയല്‍ മാഡ്രിഡ് മുന്നേറ്റ നിര താരം ഈഡന്‍ ഹസാര്‍ഡ്.
ആന്‍സലോട്ടിക്ക് കീഴില്‍ റയലില്‍ കാര്യമായ അവസരങ്ങളൊന്നും ലഭിക്കാത്ത ഹസാഡ് ഈ സീസണില്‍ വെറും മൂന്ന് മത്സരങ്ങളില്‍ മാത്രമേ റയല്‍ മാഡ്രിഡ് ജേഴ്സിയണിഞ്ഞിട്ടുള്ളൂ. അതില്‍ തന്നെ ഒരു ഗോളും ഒരു അസിസ്റ്റും ക്ലബ്ബിനായി സ്വന്തമാക്കിയ താരം കൂടുതല്‍ മെച്ചപ്പെട്ട അവസരങ്ങള്‍ ലഭിക്കുന്നതിനായി സാന്ത്യാഗോ ബെര്‍ണബ്യു വിട്ടേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
ആന്‍സലോട്ടിയുമായുള്ള തന്റെ ബന്ധം അത്ര ശരിയായ രീതിയിലല്ലെന്നും തങ്ങള്‍ പരസ്പരം സംസാരിക്കാറുപോലുമില്ലെന്നുമാണ് ഹസാര്‍ഡ് പറഞ്ഞത്.
ആര്‍.ടി.ബി.എഫിന് നല്‍കിയ അഭിമുഖത്തിലാണ് ആന്‍സലോട്ടിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.
‘എനിക്കും ആന്‍സലോട്ടിക്കുമിടയില്‍ ബഹുമാനം നിറഞ്ഞ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. പക്ഷെ ഞങ്ങള്‍ തമ്മില്‍ സംസാരിക്കാറില്ല. അദ്ദേഹം ഫുട്ബോളില്‍ സ്വന്തമാക്കിയിട്ടുള്ള നേട്ടങ്ങളുടെ പേരിലാണ് ആന്‍സലോട്ടിയെ ഞാന്‍ ബഹുമാനിക്കുന്നത്, അതിനപ്പുറത്തേക്ക് ഒന്നുമില്ല,’ ഹസാര്‍ഡ് പറഞ്ഞു.
അതേസമയം, ഈഡന്‍ ഹസാര്‍ഡിനെ ഇന്റര്‍ മയാമി സൈന്‍ ചെയ്യാന്‍ ശ്രമിച്ചിരുന്നെന്നും എന്നാല്‍ താരം ഓഫര്‍ നിരസിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. ഹസാര്‍ഡിന് അമേരിക്കയില്‍ കളിക്കാന്‍ താത്പര്യമില്ലെന്നും യൂറോപ്പിലെ തന്നെ ഏതെങ്കിലും ക്ലബ്ബില്‍ ബൂട്ടുകെട്ടാനാണ് താരത്തിന്റെ ആഗ്രഹമെന്നുമാണ് റിപ്പോര്‍ട്ട്.
2019ല്‍ ചെല്‍സിയില്‍ നിന്ന് റയല്‍ മാഡ്രിഡിലേക്ക് ചേക്കേറിയ ഹസാര്‍ഡ് നാല് വര്‍ഷക്കാലമാണ് ലോസ് ബ്ലാങ്കോസിനൊപ്പം ചെലവഴിച്ചത്. റയല്‍ മാഡ്രിഡ് ജേഴ്‌സിയില്‍ ഏഴ് ഗോളും നാല് അസിസ്റ്റുമാണ് താരത്തിന്റെ സമ്പാദ്യം.