| Friday, 25th February 2022, 11:57 am

പേര് ആപ്പിള്‍ ടോം, വയസ് 16, ടീം കേരളം; പേരിന് പിന്നിലെ കഥയുമായി കേരള താരം ഏദന്‍ ആപ്പിള്‍ ടോം

സ്പോര്‍ട്സ് ഡെസ്‌ക്

മേഘാലയക്കെതിരെ നടന്ന രഞ്ജി ട്രോഫി മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേടിയതോടെയാണ് ഏദന്‍ ആപ്പിള്‍ ടോം എന്ന കൊച്ചു പയ്യനെ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചു തുടങ്ങിയത്. 16ാം വയസില്‍ കേരളത്തിന് വേണ്ടി രഞ്ജി കളിച്ചാണ് ഈ അത്ഭുത ബാലന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്.

ഏദന്റെ പ്രകടനത്തോടൊപ്പം തന്നെ ആ കൊച്ചു പ്രതിഭയുടെ പേരും ക്രിക്കറ്റ് ലോകം ശ്രദ്ധിച്ചിരുന്നു. ഏദന്‍ ആപ്പിള്‍ ടോം. കേട്ടവരൊക്കെ അമ്പരപ്പോടെ ചോദിച്ചു, എന്താണ് ഈ ആപ്പള്‍ ടോം. ഇപ്പോഴിതാ പേരിന് പിന്നിലെ കഥയുമായെത്തിയിരിക്കുകയാണ് താരം.

തന്റെ അച്ഛനാണ് ആപ്പിള്‍ ടോമെന്നും മുത്തച്ഛനാണ് അദ്ദേഹത്തിന് ഈ പേര് നല്‍കിയതെന്നും ഏദന്‍ പറയുന്നു. ഇതേ കുറിച്ച് തനിക്ക് കാര്യമായി അറിയില്ലെന്നും ഇത്തരം ക്രിയേറ്റീവ് പേര് കണ്ടു പിടിച്ചത് മുത്തച്ഛനാണെന്നും ഏദന്‍ പറയുന്നു.

ആപ്പിള്‍ ടോം എന്ന പേരിന് പിന്നിലെ കഥ ഏദന്റെ അച്ഛന്‍ നേരത്തെ പറഞ്ഞിരുന്നു. തന്റെ സഹോദരന്‍ ജനിച്ചപ്പോള്‍ അവനെ കാണാന്‍ ആപ്പിള്‍ പോലെ ഇരുന്നെന്നും, ആ സമയത്ത് ഇന്ത്യയ്ക്ക് ആപ്പിള്‍ എന്ന പേരില്‍ ഒരു സാറ്റലൈറ്റ് ഉണ്ടായിരുന്നെന്നും എല്ലാം കൂടെ ചേര്‍ത്ത് ഒരു വെറൈറ്റി പേര് തന്റെ അച്ഛന്‍ നല്‍കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. തന്റെ മറ്റ് സഹോദരങ്ങള്‍ക്കും ആപ്പിള്‍ ചേര്‍ത്താണ് പേരിട്ടതെന്നും ആപ്പിള്‍ ടോം കൂട്ടിച്ചേര്‍ക്കുന്നു.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാലു വിക്കറ്റ് നേടിയാണ് ഏദന്‍ ക്രിക്കറ്റിലേക്കുള്ള തന്റെ വരവറിയിച്ചിരിക്കുന്നത്. ഒന്‍പത് ഓവറില്‍ നിന്നും രണ്ട് മെയ്ഡിനടക്കം 41 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം നാല് വിക്കറ്റുകള്‍ പിഴുതത്.

2016ലാണ് ഏദന്‍ പത്തനംതിട്ടയ്ക്കായി അണ്ടര്‍ 14 കളിക്കുന്നത്. അതിലെ മികച്ച പ്രകടനം സോണല്‍ ടീമിലെത്തിച്ചു. പിന്നീട് ഏദന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. നെറ്റ് ബൗളറായി രഞ്ജി ടീമിലെത്തിയ താരം അരങ്ങേറ്റത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യയുടെ ശ്രദ്ധ നേടിയിരുന്നു.

ഏതൊരു താരത്തെയും പോലെ ഇന്ത്യയ്ക്കായി ഫസ്റ്റ് ക്ലാസ് മത്സരം കളിക്കുക എന്നതാണ് തന്റെ സ്വപ്‌നമെന്നും ഏദന്‍ പറയുന്നു.

Content Highlight: Eden Apple Tom reveals mystery behind his name

We use cookies to give you the best possible experience. Learn more