ഫലസ്തീനില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളില്‍ ഇസ്രാഈലിനെതിരെ ബ്രിട്ടന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കണമെന്നാവശ്യം
World News
ഫലസ്തീനില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളില്‍ ഇസ്രാഈലിനെതിരെ ബ്രിട്ടന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കണമെന്നാവശ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th March 2023, 2:38 pm

ലണ്ടന്‍: ഫലസ്തീനില്‍ നടത്തിയ യുദ്ധക്കുറ്റങ്ങളില്‍ ഇസ്രാഈലിനെതിരെ ബ്രിട്ടന്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (ഐ.സി.സി) സമീപിക്കണമെന്നാവശ്യം. രാജ്യത്തെ മനുഷ്യാവകാശ സംഘടനകളിലൊന്നായ ഇന്റര്‍നാഷണല്‍ സെന്റര്‍ ഓഫ് ജസ്റ്റിസ് ഫോര്‍ ഫലസ്തീന്‍ (ഐ.സി.ജെ.പി) ആണ് ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

പ്രധാനമന്ത്രി ഋഷി സുനക്, വിദേശകാര്യ സെക്രട്ടറി ജയിംസ് ക്ലവര്‍ലി എന്നിവര്‍ക്കയച്ച കത്തിലാണ് ഐ.സി.ജെ.പി, യുദ്ധക്കുറ്റങ്ങളില്‍ ഇസ്രാഈലിനും പ്രധാനമന്ത്രി നെതന്യാഹുവിനുമെതിരെ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഐ.സി.സിയെ സമീപിക്കണമെന്ന്
വ്യക്തമാക്കിയത്.

അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെ, ഉക്രൈന്‍ യുദ്ധവുമായി ബന്ധപ്പെട്ട കേസുകളില്‍ റഷ്യക്കെതിരായ മറ്റ് അംഗരാഷ്ട്രങ്ങളുടെ സംയുക്ത നീക്കങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ ബ്രിട്ടന്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് ഇത്തരമൊരു ആവശ്യവുമായി ഐ.സി.ജെ.പി രംഗത്തെത്തിയത്.

‘യുദ്ധക്കുറ്റങ്ങളുടെ പേരില്‍ ഒരു രാജ്യത്തെ നേതാവിനെതിരായ നീക്കങ്ങള്‍ക്ക് സകലമാന പിന്തുണയും സഹായങ്ങളും ചെയ്തു കൊടുക്കുന്ന ബ്രിട്ടീഷ് ഗവണ്‍മെന്റ് അതേ കുറ്റങ്ങള്‍ ചെയ്യുന്ന മറ്റൊരു രാജ്യവുമായും അതിന്റെ ഭരണാധികാരിയുമായും സൗഹാര്‍ദം തുടരുന്നത് ഇരട്ടത്താപ്പാണ്,’ ഐ.സി.ജെ.പി ഡയറക്ടര്‍ തയ്യബ് അലി പറഞ്ഞു.

‘ലോകത്തിലെ മറ്റേതൊരു സ്ഥലത്തും താമസിക്കുന്ന മനുഷ്യരെപ്പോലെ തന്നെ അവകാശങ്ങളുള്ളവരും അന്താരാഷ്ട്ര നിയമങ്ങളുടെ പരിരക്ഷ ലഭിക്കേണ്ടവരുമാണ് ഫലസ്തീനികള്‍. ഏത് സാഹചര്യത്തിലാണെങ്കിലും യുദ്ധക്കുറ്റങ്ങള്‍ക്കിരയായവര്‍ക്ക് നീതിയും പിന്തുണയും ഉറപ്പാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്. യുദ്ധക്കുറ്റവാളികള്‍, അവര്‍ സുഹൃത്തുക്കളാണോ ശത്രുക്കളാണോ എന്നത് പരിഗണിക്കാതെ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്,’ ഐ.സി.ജെ.പി മിഡില്‍ ഈസ്റ്റ് ഐക്ക് നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും വിദേശകാര്യ മന്ത്രി ഏലി കോഹനും വെള്ളിയാഴ്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ സന്ദര്‍ശിച്ചിരുന്നു.

സുരക്ഷാവിഷയങ്ങളും നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായാണ് നെതന്യാഹു ബ്രിട്ടനിലെത്തിയത്. നെതന്യാഹുവിന്റെ സന്ദര്‍ശനത്തിനെതിരെ ബ്രിട്ടനില്‍ ഫലസ്തീന്‍ അനുകൂല സംഘടനകള്‍ പ്രതിഷേധം നടത്തിയിരുന്നു.

ഐക്യരാഷ്ട്ര സംഘടനയുള്‍പ്പെടെയുള്ള അന്താരാഷ്ട്ര വേദികളില്‍ ഇസ്രാഈലിനെതിരെ നടക്കുന്ന പ്രചരണങ്ങളെ പ്രതിരോധിക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു നെതന്യാഹുവിന്റെ സന്ദര്‍ശനം.

ഫലസ്തീനെതിരായ നടപടികളെ വിമര്‍ശിക്കുമ്പോള്‍ ഇസ്രാഈലിനെതിരെ പൊതുവെ ഉയര്‍ന്നു വരുന്ന ‘വംശീയവിവേചന’ രാഷ്ട്രം എന്ന പ്രയോഗത്തെ ബ്രിട്ടന്‍ എതിര്‍ക്കുമെന്നും കരാര്‍ വ്യക്തമാക്കുന്നുണ്ട്. ഇതിനെ അപലപിച്ച മനുഷ്യാവകാശ സംഘടനകള്‍ കരാര്‍ നിരാശാജനകമാണെന്നും എന്നാല്‍ ഒട്ടും അപ്രതീക്ഷിതമല്ലെന്നും വ്യക്തമാക്കി.

Content Highlights: Britain must approach the International Criminal Court against Israel for war crimes in Palestine:ICJP