ഈ വിജയം ഇവര്‍ക്കും അവകാശപ്പെട്ടത്; കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരായി മുന്നോട്ടുവന്ന പൗര കൂട്ടായ്മകള്‍
national news
ഈ വിജയം ഇവര്‍ക്കും അവകാശപ്പെട്ടത്; കര്‍ണാടകയില്‍ ബി.ജെ.പിക്കെതിരായി മുന്നോട്ടുവന്ന പൗര കൂട്ടായ്മകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th May 2023, 8:55 pm

ബെംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് വിജയം കോണ്‍ഗ്രസിനെ പോലെ ആഘോഷിക്കാന്‍ അര്‍ഹതയുള്ള കൂട്ടായ്മകളാണ് എദ്ദേളു കര്‍ണാടകയും(വേക്ക് അപ്പ് കര്‍ണാടക) ബഹുത്വ കര്‍ണാടകയും.

വര്‍ഗീയ വിരുദ്ധ പ്രചരണങ്ങളുടെ ഭാഗമായി സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും വലിയ ക്യാമ്പയിനാണ് ഈ കൂട്ടായ്മകള്‍ തെരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്. അഴിമതി അടക്കമുള്ള ബി.ജെ.പി സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയെ കൃത്യമായ സംവിധാനങ്ങളിലൂടെ വോട്ടര്‍മാര്‍ക്ക് മുന്നിലെത്തിക്കാന്‍ കൂട്ടായ്മകള്‍ക്കായി.

110 ലധികം സംഘടനകള്‍ അടങ്ങുന്ന വര്‍ഗീയ വിരുദ്ധ കൂട്ടായ്മയായ എദ്ദേളു കര്‍ണാടക ബി.ജെ.പി പരാജയം ലക്ഷ്യമാക്കി ചിട്ടയായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിയത്.

തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പ് തന്നെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ എദ്ദേളു കര്‍ണാടക പ്രവര്‍ത്തകര്‍ സജീവമായിരുന്നു. ബി.ജെ.പിക്കെതിരായ ഒറ്റ വോട്ടും പാഴാവരുത്, വോട്ടുകള്‍ വിഭജിച്ച് പോവാതിരിക്കാനുള്ള കാര്യങ്ങള്‍ തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍.

ഓരോ മണ്ഡലങ്ങളിലും ഈ കൂട്ടായ്മ അടിത്തട്ടില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി ബി.ജെ.പിക്കെതിരെ ഭിന്നിപ്പിക്കാവുന്ന 49 നോമിനേഷനുകള്‍ സംഘടന പിന്‍വലിച്ചിട്ടുണ്ട്.