മഴവിൽ കൂടാരം സിനിമയുടെ ഷൂട്ടിങ് സമയത്ത് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് നടൻ ഇടവേള ബാബു. ചിത്രത്തിലെ നായകനായ റഹ്മാൻ വഴക്കിട്ടു പോകുകയും അത് താൻ പരിഹരിച്ചെന്നും ഇടവേള ബാബു പറഞ്ഞു. താനും റഹ്മാന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ടെന്നും തങ്ങൾ നല്ല സുഹൃത്തുക്കളാണെന്നും ബാബു കൂട്ടിച്ചേർത്തു. കാൻ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മഴവിൽ കൂടാരം സിനിമയുടെ ഷൂട്ടിങ്ങിൽ പത്തു രണ്ടായിരം ജൂനിയർ ആർട്ടിസ്റ്റുകൾ ഒക്കെ ആയിട്ട് വലിയൊരു സെറ്റപ്പ് ആയിരുന്നു. സുകുമാരനാണ് ക്യാമറ, സിദ്ധീഖ് ഷമീറാണ് സംവിധായകൻ. റഹ്മാനാണ് ആ പടത്തിലെ നായകൻ. ചെറിയൊരു കാര്യത്തിന് വേണ്ടി റഹ്മാൻ വഴക്കുകൂടി. അത് ഭയങ്കര വഴക്കിലേക്ക് എത്തുന്നു. അന്ന് റഹ്മാൻ തൃശൂർ ആണ് താമസിക്കുന്നത്. റഹ്മാൻ കാർ എടുക്കാൻ പറയുന്നു. നേരെ തൃശൂരിലേക്ക് പോകുന്നു. ഡയറക്ടർക്ക് എന്ത് ചെയ്യണമെന്ന് അറിയില്ല. എല്ലാവരും ഇങ്ങനെ നോക്കിയിരിക്കുകയാണ്.
സുകുമാരൻ എന്റെ അടുത്ത് വന്ന് ‘ഇത് കയ്യീന്ന് പോകും, ബാബു ഇടപെടണം, എന്ന് പറഞ്ഞു. റഹ്മാന്റെ പിന്നാലെ പോയിട്ട് ഒന്ന് സോർട്ട് ഔട്ട് ചെയ്ത് വരാനും പറഞ്ഞു. അടുത്ത കാറിൽ ഞാനും പോകുകയാണ്. ഞാൻ അവിടെ എത്തിയപ്പോൾ റഹ്മാൻ ഭയങ്കര വഴക്കായിട്ട് ഇരിക്കുകയാണ്. ഞാൻ റഹ്മാന് വേണ്ടി ഡബ്ബ് ചെയ്തിട്ടുണ്ട്, ഞങ്ങൾ നല്ല സൗഹൃദത്തിലാണ്. റഹ്മാന്റെ വീട്ടിൽ ഞാൻ പോകാറുണ്ട്, റഹ്മാന്റെ വൈഫ് ആയിട്ടൊക്കെ നല്ല അടുപ്പത്തിലാണ്.
ഇന്ന് ഷൂട്ടിങ് മുടക്കിപ്പോന്നത് ശരിയായില്ല, വേറെ ഒന്നും ആലോചിക്കേണ്ട. അവിടെ വന്ന 2000 ജൂനിയർ ആർട്ടിസ്റ്റുകളെ ആലോചിക്കൂ. ഇവിടുന്ന് കിട്ടുന്ന പൈസ കൊണ്ട് നാളെ അമ്മയെ ഹോസ്പിറ്റലിൽ കൊണ്ടു പോകാം. ഇവിടുന്ന് കിട്ടുന്ന 500 രൂപ കൊണ്ട് കുട്ടിയുടെ ഫീസ് അടക്കാം അങ്ങനെ 100 കാര്യങ്ങൾ വിചാരിച്ചിട്ടായിരിക്കും അവിടെ വന്നിട്ടുണ്ടാകുക.
ഇന്ന് റഹ്മാൻ ഉടക്കി പോയതുകൊണ്ട് അവർക്കാർക്കും പെയ്മെൻറ് കിട്ടുകയില്ല. മനസ്സുകൊണ്ട് ഈ 2000 പേര് ശപിക്കും അത് വേണോ എന്ന് ഞാൻ ചോദിച്ചു. റഹ്മാൻ ചിന്തിച്ചു. എല്ലാ പ്രശ്നവും ഞാൻ തീർത്ത് തരാം എന്ന് പറഞ്ഞു കൂടെ കൊണ്ടുപോയി. അവിടെ കൊണ്ടുപോയി ഒരു കെട്ടിപ്പിടുത്തം ഒക്കെ നടത്തിയപ്പോൾ ഈ പ്രശ്നങ്ങളൊക്കെ തീർന്നു,’ ഇടവേള ബാബു പറഞ്ഞു.
Content Highlight: Edavela babu said that Rahman had quarreled during the shooting of Mazhavil Kudaram movie