അമ്മയിലെ ഇൻഷുറൻസാണ് താൻ ആദ്യം എടുക്കുകയുള്ളുവെന്ന് ഇന്നസെന്റ് പറഞ്ഞിട്ടുണ്ടെന്ന് ഇടവേള ബാബു. എല്ലാ ആർട്ടിസ്റ്റുകളും അദ്ദേഹത്തിനായി പണം തരട്ടെ എന്ന് തന്നോട് ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇന്നസെന്റുമായിട്ടുള്ള ഓർമ്മകൾ പങ്കുവച്ചത്.
‘ഞാൻ ഇന്നസെന്റ് ചേട്ടന്റെ മരണം വിഷ്വലൈസ് ചെയ്തിരുന്നു. എങ്ങിനെ ആയിരിക്കണം കൊണ്ടുപോകേണ്ടതെന്നൊക്കെ. കാരണം ചിലർ പറഞ്ഞിട്ടുണ്ട് യാഥാർഥ്യങ്ങളോട് മുൻപേ സഞ്ചരിക്കണമെന്ന്.
അവസാന നിമിഷം വരെ എന്തെങ്കിലും പോസിബിലിറ്റി ഉണ്ടോ എന്ന് എല്ലാവരും നോക്കിയിട്ടുണ്ട്. അവിടെ സാമ്പത്തികം ഒരു പ്രശ്നമേയല്ലായിരുന്നു. പക്ഷെ , ഇനി ചിലപ്പോൾ ഞാൻ ബോധമില്ലാത്തെ കിടക്കും, പിച്ചചട്ടിയായിട്ട് ആരും ഇറങ്ങരുതെന്ന് ഇന്നസെന്റേട്ടൻ എന്നോടന്ന് പറഞ്ഞിരുന്നു. അത് ഇന്നസെന്റേട്ടന് നിർബന്ധമായിരുന്നു. സർക്കാർ സഹായമൊക്കെ കിട്ടും. എങ്കിലും അമ്മയിൽ നിന്ന് കിട്ടുന്ന ഇൻഷുറൻസ് താൻ ആദ്യം എടുക്കുമെന്ന് എന്നോട് പറഞ്ഞു. അത് കഴിഞ്ഞിട്ടേ മറ്റുള്ളതെടുക്കു, അത് അദ്ദേഹത്തിന്റെ അവകാശമാണെന്ന് പറഞ്ഞിരുന്നു. എല്ലാ ആർട്ടിസ്റ്റുകളും എന്തെങ്കിലും സാമ്പത്തികം വേണോ എന്ന് ചോദിച്ചിരുന്നു. എന്നെക്കൊണ്ടാണ് ചോദിപ്പിച്ചത്. ഞാൻ അവരുടെ ഒരു ലിസ്റ്റായിട്ട് ഇന്നസെന്റേട്ടനോട് ഇത് ചെന്ന് പറഞ്ഞു. വേണ്ടെടാ, എന്നാലും അവർ ചോദിക്കാനുള്ള മനസ് കാണിച്ചല്ലോ എന്ന് അദ്ദേഹം പറഞ്ഞു.
പണ്ട് യാത്രകളൊക്കെ പോകുമ്പോൾ എന്റെ കയ്യിൽ നിന്ന് ആയിരവും രണ്ടായിരവുമൊക്കെ വാങ്ങിക്കും. കാരണം അദ്ദേഹം പണം കയ്യിൽ കൊണ്ടുനടക്കുന്ന ആളല്ല. അത് പിറ്റേ ദിവസം എന്നെ ഏൽപ്പിച്ചാലേ അദ്ദേഹത്തിന് സമാധാനം ആകൂ,’ ഇടവേള ബാബു പറഞ്ഞു.
വിദ്യാഭ്യാസം സ്കൂളിൽ നിന്നല്ല അനുഭവങ്ങളിൽ നിന്നാണ് വേണ്ടതെന്ന് തനിക്ക് ഇന്നസെന്റിൽ നിന്ന് മനസിലായെന്നും അദ്ദേഹം കൂട്ടിചേർത്തു.
‘ഇന്നസെന്റേട്ടന് ധാരാളം ക്വാളിറ്റികൾ ഉണ്ട്. വിദ്യാഭ്യാസം സ്കൂളിൽ നിന്നല്ല അനുഭവങ്ങളിൽ നിന്നാണ് വേണ്ടതെന്നു അദ്ദേഹത്തിൽ നിന്ന് എനിക്ക് മനസിലായി. ആ അനുഭവ സമ്പത്താണ് ഇന്നത്തെ തലമുറക്ക് ഇല്ലാതെ പോയത്,’ ഇടവേള ബാബു പറഞ്ഞു.