Kerala News
പിഷാരടിയ്ക്ക് പിന്നാലെ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്കോ? ഐശ്വര്യകേരളയാത്രയില്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 16, 01:12 pm
Tuesday, 16th February 2021, 6:42 pm

തിരുവനന്തപുരം: നടനും നിര്‍മാതാവുമായ ഇടവേള ബാബുവും കോണ്‍ഗ്രസിലേക്കെന്ന് റിപ്പോര്‍ട്ട്. നടനും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നവെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിനു തൊട്ടുപിന്നാലെയാണ് ഈ നീക്കം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്ര ചൊവ്വാഴ്ച വൈകിട്ട് ഹരിപ്പാട് എത്തുകയാണ്. സമാപന സമ്മേളനത്തില്‍ രമേഷ് പിഷാരടിയോടൊപ്പം ഇടവേള ബാബുവും പങ്കെടുക്കുമെന്നാണ് വിവരം. ട്വന്റി ഫോര്‍ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുന്നുണ്ടെങ്കിലും രമേഷ് പിഷാരടി തല്‍ക്കാലം മത്സരരംഗത്തേക്കില്ലെന്നാണ് സൂചന.
ഷാഫി പറമ്പില്‍ എം.എല്‍.എ. കെ.സി.വിഷ്ണുനാഥ്, വി.ടി സതീശന്‍. കെ.എസ് ശബരീനാഥന്‍ തുടങ്ങിയ കോണ്‍ഗ്രസിലെ യുവ നേതൃത്വവുമായി രമേഷ് പിഷാരടി ചര്‍ച്ച നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോണ്‍ഗ്രസിലേക്കെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മറ്റൊരു താരമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയും സ്ഥാനാര്‍ത്ഥിയാകാന്‍ പരിഗണിക്കുന്നവരുടെ പട്ടികയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ധര്‍മ്മജനെ കോണ്‍ഗ്രസാണ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിക്കുന്നത്.

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി മണ്ഡലമാണ് ധര്‍മ്മജന് വേണ്ടി പരിഗണിക്കുന്ന ഒരു സീറ്റ്. മറ്റ് ചില സീറ്റുകളും പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ധര്‍മ്മജന്‍ ബാലുശ്ശേരിയിലെ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. കലാരംഗത്തും പൊതുരംഗത്തുമുളള നിരവധി പേരെ വീട്ടിലെത്തി കാണുകയും കോണ്‍ഗ്രസ് ജില്ലാ നേതാക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അഭ്യൂഹം ശക്തമായത്.

നിലവില്‍ മുസ്ലിം ലീഗാണ് ബാലുശ്ശേരിയില്‍ മത്സരിക്കുന്നത്. ഇത് കോണ്‍ഗ്രസ് ഏറ്റെടുത്ത് ധര്‍മ്മജനെ മല്‍സരിപ്പിക്കാനാണ് ആലോചന. പതിറ്റാണ്ടുകളായി എല്‍.ഡി.എഫ് മണ്ഡലമാണ് ബാലുശ്ശേരി.

കഴിഞ്ഞ തവണ സി.പി.ഐ.എമ്മിലെ പുരുഷന്‍ കടലുണ്ടി 15,000 ത്തിലേറെ വോട്ടുകള്‍ക്കാണ് ഇവിടെ നിന്നും വിജയിച്ചത്. ധര്‍മ്മജന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ മണ്ഡലം പിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Edavela Babu Joins Congress