തിലകന് കൊടുത്ത ബഹുമാനത്തെക്കുറിച്ചും തങ്ങൾ തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് ഇടവേള ബാബു. മധു വരുമ്പോൾ എഴുന്നേറ്റു നിന്നതിന് ശേഷം എല്ലാവരും പിന്നെ എഴുന്നേറ്റു നിന്നത് തിലകൻ വരുമ്പോഴായിരുന്നെന്ന് ഇടവേള ബാബു പറഞ്ഞു. തിലകന് തങ്ങൾ അത്രയും സ്ഥാനം കൊടുത്തിരുന്നെന്നും തന്റെ നല്ലൊരു സുഹൃത്താണ് അദ്ദേഹമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കാൻമീഡിയചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മധുസാർ കയറിവരുമ്പോൾ എല്ലാവരും എഴുന്നേറ്റു നിൽക്കും. പിന്നെ മമ്മൂക്കയാണെങ്കിലും ലാലേട്ടൻ ആണെങ്കിലും വേറിട്ട് നിന്നാലും, പിന്നെ എണീറ്റ് നിന്നിരുന്നത് തിലകൻ ചേട്ടൻ വരുമ്പോൾ മാത്രമാണ്. കാരണം തിലകൻ ചേട്ടന് അത്രയും സ്ഥാനം നമ്മൾ എല്ലാവരും കൊടുത്തിട്ടുണ്ട്. ഇപ്പോഴും തിലകൻ ചേട്ടനെ കുറിച്ച് ഒരു പ്രശ്നവും ഇല്ലാത്ത ഒരാളാണ് ഞാൻ.
അദ്ദേഹത്തോട് അത്രയും സ്നേഹവും ബഹുമാനമാണ്. ഞാൻ തിലകൻ ചേട്ടന്റെ നല്ലൊരു ഫ്രണ്ട് ആയിരുന്നു. ഒരുപക്ഷേ ഞാൻ ഷമ്മിയെക്കാൾ അടുപ്പം തിലകൻ ചേട്ടനോട് ആയിരുന്നു. തിലകൻ ചേട്ടൻ ഒരു തീരുമാനമെടുത്താൽ അതിൽ നിന്നും മാറില്ല. അതൊരു ക്വാളിറ്റി ആണ്.
തിലകൻ ചേട്ടന് ഒരു തീരുമാനം എടുത്തു പോയാൽ അതിൽ നിന്നും പിന്നോട്ട് കാലു വെയ്ക്കുകയില്ല. ശരിക്കും അമ്മയ്ക്ക് അല്ലായിരുന്നു പ്രശ്നം, മറ്റു സംഘടനകൾക്ക് ഉണ്ടായ പ്രശ്നമാണ് അമ്മ ഏറ്റെടുക്കേണ്ടി വന്നത്. കാരണം നമുക്ക് എന്തെങ്കിലും നടപടി എടുത്തേ മതിയാകു എന്നൊരു സാഹചര്യം വന്നു. കാരണം തിലകൻ ചേട്ടന് ഒരു പ്രീഫെറെൻസ് കൊടുത്തു എന്ന് വരാൻ പാടില്ല,’ ഇടവേള ബാബു പറഞ്ഞു.
തിലകന്റെ നാടകം താൻ കണ്ടിട്ടുണ്ടെന്നും നാടകത്തിൽ നിന്ന് സിനിമയിലേക്ക് വന്നപ്പോൾ ഫ്രെയ്മിനെ പറ്റി കൃത്യമായ ധാരണ ഉണ്ടെന്നും ഇടവേള ബാബു പറയുന്നുണ്ട് . ‘തിലകന്‍ ചേട്ടന്റെ നാടകം കണ്ടിട്ടുള്ള ആളാണ് ഞാന്‍. നാടകത്തില്‍ ഒരു അഭിനയവും സിനിമയില്‍ വന്നപ്പോള്‍ ആ ഫ്രെയ്മിനെ പറ്റി കൃത്യമായ ധാരണയില്‍ അഭിനയിക്കുകയും ചെയ്തു. ആക്ടര്‍ ആവാന്‍ ആഗ്രഹിക്കുന്നവര്‍ തിലകന്‍ ചേട്ടന്റെ ഒരു പത്ത് സിനിമയെങ്കിലും കാണണം. അതാണ് അദ്ദേഹം.
പക്ഷേ ഒരു മുന്‍ കോപിയായിരുന്നു. അദ്ദേഹവുമായി പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വ്യക്തിപരമായി പലരും പോയി കണ്ടു, സംഘടനാപരമായി നോട്ടീസ് കൊടുത്തു, തിലകന്‍ ചേട്ടന്‍ പക്ഷേ ഒരു ഉടക്ക് ലൈനിലായിരുന്നു. സംഘടന മുന്നോട്ട് പോവാന്‍ പറ്റാത്ത അവസ്ഥയായി. അല്ലെങ്കില്‍ ആര്‍ക്കും എന്തും വിളിച്ച് പറയാം എന്നൊരു അവസ്ഥയിലേക്ക് സംഘടന പോവും,’ ഇടവേള ബാബു പറഞ്ഞു.