സ്റ്റേജ് ഷോയിൽ പാടാനുള്ള മ്യൂസിക് റൈറ്റ്സിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ഒരു ചാനലിൽ പാടണമെങ്കിൽ ആദ്യം അവതരിപ്പിക്കാനുള്ള റൈറ്റ്സ് വാങ്ങണമെന്ന് ഇടവേള ബാബു പറഞ്ഞു. അതുപോലെ ഇന്റർനാഷണൽ റൈറ്റ്‌സും ഡിജിറ്റൽ റൈറ്റ്‌സും ബ്രോഡ്‌കാസ്റ്റിങ് ലൈസൻസും ഉണ്ടെങ്കിൽ മാത്രമേ പാട്ടുപാടാൻ പറ്റുകയുള്ളൂയെന്നും ബാബു കൂട്ടിച്ചേർത്തു.
തീവണ്ടി സിനിമയിൽ കെ.എസ്. ഹരിശങ്കറിന് അവാർഡ് കിട്ടിയ പാട്ട് സ്റ്റേജിൽ പാടാൻ പറ്റുകയില്ലെന്നും ഇടവേള ബാബു പറയുന്നുണ്ട്. സ്റ്റേജ് ഷോയുടെ ലൈഫ് കളയുന്നത് ഈ മ്യൂസിക് റൈറ്റ്സ് ആണെന്നും ഇടവേള ബാബു പറയുന്നുണ്ട്. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒരു ചാനലിൽ പാട്ട് പാടണം എങ്കിൽ ആദ്യം അവതരിപ്പിക്കാനുള്ള ആളുകൾക്ക് റൈറ്റ്സ് വേണം. അതുപോലെ ഇന്റർനാഷണൽ റൈറ്റ്സ് വേണം. ഡിജിറ്റൽസ് വേണം, ബ്രോഡ്‌കാസ്റ്റിങ് ലൈസൻസ് വേണം. ഇതെല്ലാം ഉണ്ടെങ്കിൽ മാത്രമേ ഒരു പാട്ടുപാടാൻ പറ്റുകയുള്ളൂ. എം.ജി. ശ്രീകുമാറിന്റെ മരുമകനാണ് (കെ. എസ്. ഹരിശങ്കർ) തീവണ്ടി സിനിമയിലെ പാട്ടിന് അവാർഡ് കിട്ടിയത്. ഒരു ഷോയിൽ പുള്ളിക്ക് സ്റ്റേജിൽ പാടാൻ പറ്റുകയില്ല.
ഞാനവന്റെ കമ്പനിയെ വിളിച്ചുപറഞ്ഞു, പുള്ളിക്ക് അവാർഡ് അതിനാണ്. പക്ഷേ ആ പാട്ട് സ്റ്റേജിൽ പാടാൻ പറ്റുകയില്ല. കാരണം അതിന്റെ റൈറ്റ് ഇല്ല. എന്തൊരു ഗതികേട് ആണെന്ന് അറിയുമോ. ഏറ്റവും വലിയ ബുദ്ധിമുട്ട് ഈ മ്യൂസിക് റൈറ്റ്സ് ആണ്. ബാക്കിയെല്ലാം തരണം ചെയ്യാം. സ്പോൺസർ ഉണ്ടാക്കാം, തെണ്ടി നടക്കാം ഒക്കെ ചെയ്യാം. ഈ മ്യൂസിക് റൈറ്റ്സ് സ്റ്റേജ് ഷോയുടെ ലൈഫ് കളഞ്ഞു,’ ഇടവേള ബാബു പറഞ്ഞു.
തനിക്ക് സംഗീതവുമായുള്ള അടുപ്പത്തെക്കുറിച്ചും ഇടവേള ബാബു അഭിമുഖത്തിൽ പറയുന്നുണ്ട്. സംഗീതം തനിക്ക് വലിയ വീക്നസാണെന്നും തന്റെ അമ്മ ഒരു മ്യൂസിക് ടീച്ചറാണെന്നും ഇടവേള ബാബു പറഞ്ഞു. എന്നാൽ പാട്ട് പഠിപ്പിക്കാൻ ഇരുത്തിയ സമയത്ത് പഠിച്ചില്ലെന്നും അതിൽ കുറ്റബോധമുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
Content Highlight: Edavela babu about music rights