| Tuesday, 16th January 2024, 9:15 am

പതിനഞ്ച് വർഷം മുൻപ് മമ്മൂക്ക പറഞ്ഞത്; ഇപ്പോഴാണ് എനിക്ക് മനസിലായത്: ഇടവേള ബാബു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമയ്ക്ക് വേണ്ടി തടി കുറച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. തടി കുറയാൻ വേണ്ടി പഞ്ചസാര ഉപേക്ഷിച്ചെന്നും എന്നാൽ പതിനഞ്ച് വർഷം മുൻപ് മമ്മൂട്ടി തന്നോട് പഞ്ചസാര ഒഴിവാക്കാൻ പറഞ്ഞിരുന്നെന്നും ബാബു പറയുന്നുണ്ട്. താൻ ഇപ്പോഴും പഞ്ചസാര ഉപയോഗിക്കാറില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഹീറോ വേഷം ചെയ്യാൻ വേണ്ടി നവാഗത സംവിധായകരുടെ കഥ വന്നിരുന്നു. അപ്പോഴേക്കും കൊവിഡ് വന്നു. അതിനുവേണ്ടി കഷ്ടപ്പെട്ട് എന്റെ വെയ്റ്റ് വരെ ഞാൻ കുറച്ചു. ഞാനൊരു പത്തോ പതിനഞ്ചോ കിലോ അതിനു വേണ്ടി കുറച്ചിരുന്നു.

നല്ലവണ്ണം മെലിഞ്ഞിരുന്നു. അവിടുന്നാണ് ഞാൻ പഞ്ചസാര ഉപേക്ഷിച്ചത്. മമ്മൂക്ക എന്നോട് 15 വർഷം മുൻപ് പറഞ്ഞതാണ് ‘നീ പഞ്ചസാര ഉപേക്ഷിച്ചാൽ നിന്റെ തടി കുറയുമെന്ന്’. അങ്ങനെ ഞാൻ പൂർണ്ണമായിട്ടും പഞ്ചസാര ഉപേക്ഷിച്ചു. അങ്ങനെ ഇപ്പോൾ ഉപയോഗിക്കാറില്ല. അങ്ങനെ കൺട്രോൾ ചെയ്ത് 15 കിലോ കുറച്ചു.

നല്ല കഥയായിരുന്നു. ഇന്ത്യയിലെ സൂപ്പർസ്റ്റാറിന്റെ മകളായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. അവർക്കത് ഇഷ്ട്ടമായി അവസാനത്തെ ട്രാക്ക് വരെ എത്തിയതായിരുന്നു. ലൊക്കേഷൻ ഒക്കെ കണ്ടു. എല്ലാം ചെയ്തിരുന്നു. പിന്നെ അത് തിരിഞ്ഞുപോയി. എനിക്ക് ഇന്ററെസ്റ്റും പോയി.

ഇനി അത് നടക്കും എന്നറിയില്ല. വേറെ എന്തെങ്കിലും നടക്കുമായിരിക്കും. ആഗ്രഹിച്ചതായി നടക്കാത്തതായി ഒന്നുമില്ല. എല്ലാവരും ഡയറക്റ്റ് ചെയ്യുന്നുണ്ട് എല്ലാവരും ഹീറോയിഡ് അഭിനയിക്കുന്നുണ്ട്. അഭിനയിക്കാൻ അത്ര ആഗ്രഹം ഉണ്ടെങ്കിൽ സാധിക്കാത്ത കാര്യമൊന്നുമല്ല. പക്ഷേ എന്റെ പരിമിതികൾ എനിക്ക് നല്ലവണ്ണം അറിയാം. ഞാനൊരു ഹീറോ ആയാൽ ഞാൻ അത് വിൽക്കാൻ നടക്കണം. എല്ലാ പുലിവാലും ഏറ്റെടുക്കണം,’ ഇടവേള ബാബു പറഞ്ഞു.

അമ്മ സംഘടനയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണെന്നും ഇടവേള ബാബു അഭിമുഖത്തിൽ പറയുന്നുണ്ട്.’അമ്മയുടെ അടുത്ത പ്രസിഡന്റ് ആകേണ്ടത് പൃഥ്വിരാജ് ആണ്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ആളാണ്. കാര്യങ്ങൾ തുറന്നു പറയുന്ന ഒരാളാണ്. രാജുവിന് രാജുവിന്റേതായ പൊളിറ്റിക്സും കാര്യങ്ങളൊക്കെ ഉണ്ടായിക്കോട്ടെ. രാജു അമ്മയുടെ അടുത്ത പ്രസിഡന്റ് ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരാളാണ്,’ ഇടവേള ബാബു പറഞ്ഞു.

Content Highlight: Edavela babu about mammootty’s advise

We use cookies to give you the best possible experience. Learn more