മലയാളത്തിലെ വാനമ്പാടി കെ.എസ് ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ചിത്ര ആദ്യമായി പാടുന്നതിന് താൻ ദൃക്സാക്ഷിയാണെന്ന് ഇടവേള ബാബു പറഞ്ഞു. യേശുദാസ് ‘ഞാൻ ഏകനാണ്’ എന്ന സിനിമയുടെ പാട്ട് പാടാനായി ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വന്നപ്പോൾ താൻ കാണാൻ പോയിരുന്നെന്ന് ഇടവേള ബാബു പറയുന്നുണ്ട്.
അന്നവിടെ യേശുദാസിന്റെ കൂടെ പാടാൻ ഒരു പെൺകുട്ടി വന്നിരുന്നെനും എന്നാൽ അവർക്ക് അദ്ദേഹത്തിന്റെ മുന്നിൽ നിന്ന് പാടാൻ കഴിഞ്ഞില്ലെന്നും ബാബു കൂട്ടിച്ചേർത്തു. എന്നാൽ യേശുദാസ് പോയി കഴിഞ്ഞപ്പോൾ ആ പെൺകുട്ടി നന്നായി പാടിയെന്നും താരം പറഞ്ഞു. അന്ന് യേശുദാസിന്റെ മുന്നിൽ പാടാൻ കഴിയാത്ത പാട്ടുകാരിയാണ് കെ.എസ്. ചിത്രയെന്നും ഇടവേള ബാബു പറയുന്നു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചിത്ര ആദ്യം പാടുന്നതിന് ദൃക്സാക്ഷിയാണ് ഞാൻ. ഇടവേള സിനിമയുടെ ഡബ്ബിങ്ങിന് പാരലലായിട്ടാണ് ഞാൻ ഏകനാണ് എന്ന സിനിമയുടെ മ്യൂസിക് നടക്കുന്നത്. ദാസേട്ടൻ പാടാൻ വരുന്നത് ഞങ്ങൾ കാത്തിരുന്നു. അന്ന് ചിത്രാഞ്ജലിയിൽ തന്നെയാണ് താമസം. അന്ന് സ്റ്റുഡിയോ പുതുക്കി പണിത് പുതിയതായിട്ടുള്ള സമയമാണ്.
നമ്മൾ അവിടുത്തെ അന്തേവാസിയായി. ദാസേട്ടൻ പാടാൻ വരികയാണ്. ചേട്ടൻ പാടാൻ വന്നപ്പോൾ ചെരുപ്പിലൊക്കെ തൊട്ട് നമസ്കരിച്ചു. അന്ന് ദാസേട്ടന്റെ കൂടെ ഒരു പുതിയ പെൺകുട്ടിയാണ് പാടിയത്. ആ കുട്ടി അസ്സലായിട്ട് പാടിയിരുന്നു. ദാസേട്ടന് വന്നതോടുകൂടി ആ കുട്ടിയുടെ ശബ്ദമൊക്കെ പോയി, ആകെ എന്തോ ആയി.
ആദ്യമായി ദാസേട്ടന്റെ കൂടെ പാടാൻ വരുന്നവരുടെ മുട്ടുകൂട്ടി അടിക്കും, അത് വേറൊരു കാര്യം. ഇത് കഴിഞ്ഞു ദാസേട്ടൻ പോകുമ്പോൾ എം.ജിയോട് പറയുന്നത് കേട്ടു ‘ഞാൻ പോയി കഴിഞ്ഞിട്ട് ഒരു ടേക്ക് എടുത്തോളൂ’ എന്ന്. ദാസേട്ടൻ പോയി കഴിഞ്ഞിട്ട് സുന്ദരമായിട്ട് പാടി. അന്ന് ഞാൻ നോട്ട് ചെയ്തതാണ് കെ.എസ്. ചിത്രയെ,’ ഇടവേള ബാബു പറയുന്നു.
Content Highlight: Edavela babu about Chithra