മോഹൻലാലിന്റേയും മുകേഷിന്റെയും നാടക കമ്പനിയുടെ മാനേജർ താനായിരുന്നെന്ന് നടനും അമ്മ സംഘടനയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബു. ബെംഗളൂരുവിൽ നിന്ന് നാടകം കഴിഞ്ഞു വരുന്ന സമയത്ത് സേലത്തിന് അടുത്ത് വെച്ച് തങ്ങൾ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞെന്ന് ബാബു പറഞ്ഞു. എന്നാൽ യാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഒരു ആക്സിഡന്റ് ഉണ്ടാകുമെന്ന് തോന്നിയിരുന്നെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പണ്ട് ഒരു ബസ് യാത്രയിൽ ഞങ്ങൾക്ക് ഒരു ആക്സിഡൻറ് ഉണ്ടായി. ഞാനായിരുന്നു ലാലേട്ടന്റെയും മുകേഷേട്ടന്റെയും നാടക കമ്പനിയുടെ മാനേജർ. ബെംഗളൂരിൽ നിന്ന് നാടകം കഴിഞ്ഞു വരുന്ന സമയത്ത് ഒരു വലിയ ആക്സിഡൻറ് ഉണ്ടായി. ഒരാൾ മരിച്ചു കാലു മുറിച്ചു, എല്ലാവർക്കും അപകടം പറ്റി. ആ ബസ് യാത്രയിൽ പരിക്ക് പറ്റാത്തത് എനിക്ക് മാത്രമായിരുന്നു.
ഞാൻ അന്ന് ഫ്ലൈറ്റിൽ വരേണ്ട ആളായിരുന്നു. എന്നെയും കൊണ്ടു പോകുമോയെന്നും എനിക്ക് ഫ്രണ്ട് സീറ്റ് വേണമെന്നും പറഞ്ഞു. ആ ബസ്സിന്റെ ഫ്രണ്ടിൽ ആണ് ഞാൻ ഇരുന്നത്. രാത്രി ഭക്ഷണം കൊണ്ടുവന്നപ്പോൾ അത് കേടുവന്നു. ഞാൻ പറഞ്ഞു കംപ്ലൈന്റ് ഒന്നും പറയണ്ട ഞാൻ വാങ്ങി തരാം, വണ്ടിയിൽ കയറാൻ പറഞ്ഞു.
ഭക്ഷണം കഴിച്ചാൽ പോരെന്ന് എല്ലാവരും ചോദിച്ചു. ബെംഗളൂരിലെ എയർപോർട്ടിലേക്ക് ഒന്നരമണിക്കൂർ ട്രാവൽ ഉണ്ട്. അപ്പോൾ ബസിൽ തന്നെ പോകാമെന്ന് വിചാരിച്ചു. റൂമിൽ വന്നപ്പോൾ എനിക്ക് തോന്നി എന്തോ ഒരു അപകടം സംഭവിക്കാൻ പോകുന്നുണ്ട് എന്ന്. ഞാൻ ബസിലുള്ള എല്ലാവരുടെയും പേര് എഴുതി, ഡ്രൈവറുടേയും ക്ലീനറുടേയും പേരൊഴിച്ച് ബാക്കി എല്ലാവരുടെയും പേര് എഴുതി പോക്കറ്റിൽ ഇട്ടു.
ബസ് ആക്സിഡൻറ് ആവുമെന്ന് എന്റെ മനസ് പറഞ്ഞിരുന്നു. വെളുപ്പിന് നാലുമണിക്ക് സേലത്തിന് അടുത്ത് എത്തിയപ്പോൾ ബസ് ആക്സിഡന്റ് ആയി. മൂന്ന് റൗണ്ട് മറിഞ്ഞ്, 25 അടി താഴ്ചയുള്ള വലിയ കൊക്കയിലേക്ക് വീണു. ഞാൻ ശരിക്കും പറഞ്ഞാൽ ബസിൽ തൂങ്ങിക്കിടക്കുകയായിരുന്നു. ബസ് ആക്സിഡന്റ് ആയി എന്ന് മനസുകൊണ്ട് പറഞ്ഞു. ഇറങ്ങാനുള്ള വഴി നോക്കുകയായിരുന്നു. ഞാൻ ബസിന്റെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയാണ് അതിൻറെന്റെ പാട് ഇപ്പോഴും ഉണ്ട്. പിന്നീട് സ്റ്റിച്ച് ഇടാൻ മറന്നുപോയി,’ ഇടവേള ബാബു പറഞ്ഞു.