| Wednesday, 6th June 2018, 1:08 pm

നോമ്പ് തുറക്കാനായി വെള്ളം പോലും കൊടുക്കാന്‍ പൊലീസുകാര്‍ സമ്മതിച്ചില്ല; കല്ല്യാണം ആലോചിക്കാന്‍ വന്നതാണോയെന്നായിരുന്നു ചോദ്യം; എടത്തലയിലെ പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് സഹോദരന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: എടത്തല സംഭവത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാന്റെ ബന്ധുക്കള്‍. ഉസ്മാനെ സ്‌റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചവശനാക്കിയെന്നും വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിച്ച തങ്ങളോട് പൊലീസ് ഒട്ടും മര്യാദയില്ലാതെയാണ് പെരുമാറിയതെന്നും ഉസ്മാന്റെ സഹോദരന്‍ സിദ്ദിഖ് പറയുന്നു.

ഉസ്മാനെ ആരോ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് തങ്ങള്‍ കരുതിയത്. പരാതി കൊടുക്കാനായി സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഉസ്മാന്‍ അവിടെ നില്‍ക്കുന്നത് കണ്ടത്. കാര്യം അന്വേഷിച്ചപ്പോള്‍ കല്യാണം ആലോചിക്കാന്‍ വന്നതാണോയെന്നായിരുന്നു അവിടെയുള്ള പൊലീസുകാരന്‍ ചോദിച്ചത്.

അനിയനെ പിടിച്ചുകൊണ്ടുവന്നതിനെ കുറിച്ച് അറിയാനാണ് വന്നതെന്ന് പറഞ്ഞപ്പോള്‍ അധികനേരം ഇവിടെ നിന്നാല്‍ തങ്ങളെ പെറ്റിക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ മൊത്തം കേസെടുക്കുമെന്നായിരുന്നു പൊലീസ് പറഞ്ഞത്.

ഉസ്മാന്‍ ഏറെ അവശനായിരുന്നു. നോമ്പ് തുറക്കണമെന്നും അല്പം വെള്ളം കൊടുക്കാന്‍ അനുവദിക്കണമെന്ന് പറഞ്ഞിട്ടും പൊലീസുകാര്‍ സമ്മതിച്ചില്ല. നോമ്പ് തുറക്കാന്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നതായിരുന്നു ഉസ്മാന്‍.- സിദ്ദിഖ് പറയുന്നു.


Also Read എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവം: നാല് പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ്


“അഞ്ചരയോടെയാണ് സംഭവം ഉണ്ടായത്. വണ്ടിയില്‍ വന്നത് പൊലീസുകാരാണെന്ന് ഉസ്മാന് അറിയില്ലായിരുന്നു. അവര്‍ യൂണിഫോമില്‍ അല്ലായിരുന്നു. മാത്രമല്ല പ്രൈവറ്റ് കാറിലാണ് വന്നത്. കാര്‍ ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഉന്തും തള്ളും ഉണ്ടായി. പിന്നീട് ഉസ്മാനെ ഇവര്‍ കാറില്‍ കയറ്റികൊണ്ടുപോയി. കാറില്‍ കൊണ്ടുപോയത് ഗുണ്ടകളാണെന്ന് കരുതിയാണ് ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാനായി ചെന്നത്. എന്നാല്‍ അവിടെ എത്തിയപ്പോഴാണ് ഉസ്മാനെ കണ്ടത്.

പൊലീസ് സ്റ്റേഷനില്‍വെച്ച് ക്രൂരമര്‍ദ്ദനം ഉണ്ടായിട്ടുണ്ട്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഉസ്മാനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും പൊലീസുകാര്‍ ആദ്യം സമ്മതിച്ചിരുന്നില്ല””-സിദ്ദിഖ് പറയുന്നു.

We use cookies to give you the best possible experience. Learn more