കൊച്ചി: എടത്തലയില്‍ യുവാവിനെ മര്‍ദ്ദിച്ച നാല് പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി സെക്ഷനിലെ മൂന്ന് വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉസ്മാന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പൊലീസുകാര്‍ക്കെതിരെ കേസ് എടുത്തത്.
ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിയും ഉണ്ടാകുമെന്നാണ് അറിയുന്നത്. ആലുവ ഡി.വൈ.എസ്.പിയും സ്‌പെഷ്യല്‍ബ്രാഞ്ച് ഡി.വൈ.എസ്.പിയുമാണ് സംഭവം അന്വേഷിക്കുക. ഇവരുടെ കൂടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി ഉണ്ടാകുക.
അതേസമയം പൊലീസിനെ മര്‍ദ്ദിച്ചതിന് ഉസ്മാനെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. മര്‍ദ്ദനത്തില്‍ യുവാവിന്റെ താടിയെല്ലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ശസ്ത്രക്രിയ നടത്തിയ ശേഷം തീവ്രവപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
Also Read യു.പിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരേക്കാള്‍ മികച്ചവരാണ് വേശ്യകള്‍; ബി.ജെ.പി എം.എല്‍.എ
എടത്തല സ്റ്റേഷനിലേക്ക് വിവിധ രാഷ്ട്രീയപാര്‍ട്ടികളും നാട്ടുകാരും രാവിലെ നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായിരുന്നു.
പൊലീസ് സംഘം സഞ്ചരിച്ച കാറില്‍ ബൈക്ക് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ആലുവ എടത്തല കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെയാണ് മഫ്തിയിലായിരുന്ന പൊലീസ് സംഘം മര്‍ദ്ദിച്ചത്.
കുഞ്ചാട്ടുകര ഗവണ്‍മെന്റ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് പൊലീസ് വാഹനവുമായി കൂട്ടിയിടിച്ചതിന്റെ പേരില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. തുടര്‍ന്ന് നടുറോഡിലും എടത്തല പൊലീസ് സ്റ്റേഷനില്‍ എത്തിച്ചും യുവാവിനെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
സംഭവമറിഞ്ഞെത്തിയ നാട്ടുകാര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് ആലുവ ഡി.വൈ.എസ്.പി. കെ.ബി. പ്രഫുല്ലചന്ദ്രന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് യുവാവിനെ ആശുപത്രിയിലാക്കിയത്.