| Friday, 7th January 2022, 10:16 pm

ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും; 'സുമേഷിനെ' എയറില്‍ നിന്ന് ഇറക്കാതെ എം.എം. മണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തിനായി ഒരുങ്ങിയിരിക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായ എടപ്പാള്‍ ഓട്ടം മന്ത്രി വി. ശിവന്‍കുട്ടിക്ക് പിന്നാലെ ഓർമിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രി എം.എം. മണി.

‘ഓടാം ഇനി കൂടുതല്‍ ഉയരത്തില്‍, വണ്ടിയായാലും സംഘിയായാലും’എന്നാണ് എടപ്പാള്‍ പാലം എന്ന ഹാഷ് ടാഗോടെ എം.എം. മണി ഷെയര്‍ ചെയ്തിരിക്കുന്നത്. ‘എടപ്പാള്‍ ഓട്ടം ഇനി മേല്‍പ്പാലത്തിലൂടെ’ എന്ന ക്യാപ്ഷനോടെയാണ് മന്ത്രി പോസ്റ്റ് പങ്കുവെച്ചിരുന്നത്.

എടപ്പാള്‍ പാലത്തിന് മുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ സുമേഷ് എടപ്പാളിന്റെ ഫോട്ടോ വെച്ചുള്ള പോസ്റ്റാണ് ഇരുവരും ഷെയര്‍ ചെയ്തിരിക്കുന്നത്. ഈ പോസ്റ്റുകള്‍ക്ക് പിന്നാലെ രസകരമായ കമന്റുകളും വരുന്നുണ്ട്.

ശബരിമല യുവതി പ്രവേശനിത്തിനെതിരെ കര്‍മ സമിതി 2019 ജനുവരി മൂന്നിന് നടത്തിയ പ്രതിഷേധത്തിനിടെ ഉണ്ടായ എടപ്പാള്‍ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

എടപ്പാള്‍ ജംഗ്ഷനില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയപ്പോഴായിരുന്നു കര്‍മ സമിതി പ്രവര്‍ത്തകര്‍ ഓടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ഇത് പിന്നീട് എടപ്പാള്‍ ഓട്ടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പരിഹാസത്തിന് കാരണമായിരുന്നു.

അതേസമയം, ശനിയാഴ്ചയാണ് സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്യുന്നത്.

മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, കെ.എന്‍. ബാലഗോപാല്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ കെ.ടി. ജലീല്‍, പി. നന്ദകുമാര്‍, ആബിദ് ഹുസൈന്‍ തങ്ങള്‍ തുടങ്ങി ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി തദ്ദേശ സ്ഥാപന പ്രതിനിധികളും വ്യാപാരികളും നാട്ടുകാരും പരിപാടിയില്‍ പങ്കാളികളാകും.

പോലീസ് എയ്ഡ് പോസ്റ്റിന്റെ നിര്‍മാണമടക്കം മിക്ക പണികളും പൂര്‍ത്തിയായിട്ടുണ്ട്. പാലത്തിന് വൈദ്യുതി കണക്ഷനും ലഭ്യമായിട്ടുണ്ട്. 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ഗതാഗത പരിഷ്‌കാരം ഉള്‍പ്പെടെയുള്ളവ പാലം തുറന്ന ശേഷം പൂര്‍ണ തോതില്‍ നടപ്പിലാക്കാന്‍ ആണ് പൊലീസ് തീരുമാനം. തൃശൂര്‍ കുറ്റിപ്പുറം റോഡുകളില്‍ പാലത്തിന് സമാന്തരമായി വഴിവിളക്കുകള്‍ സ്ഥാപിക്കാന്‍ വട്ടംകുളം പഞ്ചായത്തും ശ്രമം തുടങ്ങി 3 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പുതുവര്‍ഷത്തില്‍ പാലം തുറക്കുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Edappal flyover was getting ready for the inauguration Former minister MM Mani post viral

We use cookies to give you the best possible experience. Learn more