തൂത്തുകുടി: തൂത്തുകുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരക്കാര്‍ക്കെതിരെ പൊലീസ് വെടിവെച്ച് പതിമൂന്ന് പേര്‍ കൊല്ലപെട്ടതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ വെടി വെയ്പ്പിനെ ന്യായീകരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പടി പളനി സ്വാമി.
വെടിവയ്പ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ സ്വാഭാവിക തിരിച്ചടി മാത്രമാണെന്നും സാമൂഹ്യവിരുദ്ധ ശക്തികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നെന്നുമായിരുന്നു മുഖ്യമന്ത്രി പളനി സ്വാമിയുടെ പ്രതികരണം.
“”ആരെങ്കിലും നിങ്ങളെ തല്ലിയാല്‍ നിങ്ങള്‍ സ്വയം പ്രതിരോധിക്കാന്‍ ശ്രമിക്കും. അത്തരം സാഹചര്യങ്ങളില്‍ ആര്‍ക്കും മുന്‍കൂട്ടി തീരുമാനിച്ച് പെരുമാറാന്‍ സാധിക്കില്ല”” എന്ന് പളനി സ്വാമി ട്വീറ്റ് ചെയ്തു.
പ്രതിഷേധക്കാരെ രാഷ്ട്രീയ പാര്‍ട്ടികള്‍ വഴിതെറ്റിക്കുകയാണെന്നും ചില സാമൂഹ്യവിരുദ്ധ ശക്തികള്‍ സമരത്തില്‍ കയറി കൂടിയിരുന്നെന്നും ഇവര്‍ പൊലീസുകാരെ ആക്രമിച്ചതിന്റെ ഫലമായാണ് വെടി വെയ്പ്പ് ഉണ്ടായതെന്നു അദ്ദേഹം ആരോപിച്ചു.
അതേസമയം തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാവുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് ധര്‍ണ്ണ നടത്തുകയായിരുന്ന പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനെ പെലീസ് അറസ്റ്റ് ചെയ്തു.
തൂത്തുക്കുടി വെടിവെപ്പിനു പിന്നില്‍ പൊലീസ് ഗൂഢാലോചനയെന്ന ആക്ഷേപം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. “പ്രതിഷേധം നയിച്ചവരെ ഉറക്കെ ശബ്ദിച്ചവരെ പൊലീസ് നോട്ടമിട്ടതുപോലെയാണ് തോന്നുന്നത്. വയറിനു മുകളിലായാണ് എല്ലാവരേയും ഷൂട്ട് ചെയ്തിരിക്കുന്നത് എന്നാണ് മെയ് 22ലെ റാലിയില്‍ പങ്കെടുക്കുന്ന ഗോഡ്വിന്‍ ജോസ് പറഞ്ഞത്.