അപ്പോള്‍ ആദ്യ കപ്പിന് ഇനിയും കാത്തിരിക്കണോ? വജ്രായുധം പുറത്ത്, ഇടിവെട്ടേറ്റ് ബംഗ്ലാ കടുവകള്‍
ഏഷ്യാ കപ്പിനൊരുങ്ങുന്ന ബംഗ്ലാദേശിന് കനത്ത തിരിച്ചടി. ടീമിന്റെ സ്റ്റാര്‍ പേസറായ എദാബോത് ഹൊസൈന്‍ പരിക്കേറ്റ് പുറത്തായതോടെയാണ് ബംഗ്ലാദേശ് പരുങ്ങുന്നത്.
ഏഷ്യ കപ്പില്‍ ബംഗ്ലാദേശ് ബൗളിങ് നിരയിലെ കുന്തമുനയാകുമെന്ന് കരുതിയ എദാബോത് ഹൊസൈന്റെ പരിക്ക് ചില്ലറ തലവേദനയല്ല ബംഗ്ലാദേശിന് നല്‍കുക. ഇതുവരെ ഏഷ്യ കപ്പ് നേടാന്‍ സാധിക്കാത്ത ബംഗ്ലാദേശിന് താരത്തിന്റെ പരിക്കും തിരിച്ചടിയാകുമെന്നുറപ്പാണ്.
ബംഗ്ലാദേശ് – അഫ്ഗാനിസ്ഥാന്‍ പരമ്പരക്കിടെയാണ് ഹൊസൈന് പരിക്കേല്‍ക്കുന്നത്. ആന്റീരിയല്‍ ക്രൂഷ്യേറ്റ് ലിഗമെന്റിന് പരിക്കേറ്റ അദ്ദേഹത്തിന് ഇനിയും വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
ജൂലൈയില്‍ പരിക്കേറ്റ എദാബോത് ഇനിയും പൂര്‍ണ ആരോഗ്യം വീണ്ടെടുത്തിട്ടില്ല. ഒക്ടോബറില്‍ നടക്കുന്ന ലോകകപ്പിന് മുമ്പ് അദ്ദേഹത്തെ തിരിച്ചെത്തിക്കാനാണ് ബംഗ്ലാദേശ് മാനേജ്‌മെന്റ് ശ്രമിക്കുന്നത്.
ബംഗ്ലാദേശിനായി 12 ഏകദിനം കളിച്ച എദാബോത് ഹൊസൈന്‍ 22 വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് കരിയറിലെ മികച്ച പ്രകടനം.
അതേസമയം, മീഡിയം പേസറായ തന്‍സീം ഹസന്‍ സാക്കിബിനെ ബംഗ്ലാദേശ് പകരക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്. 37 ലിസ്റ്റ് എ മത്സരത്തില്‍ നിന്നും 57 വിക്കറ്റുകള്‍ വീഴ്ത്തിയ തന്‍സീം 12 ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ നിന്നും 22 വിക്കറ്റും നേടിയിട്ടുണ്ട്.
അതേസമയം, ഓഗസ്റ്റ് 31നാണ് ബംഗ്ലാദേശ് ഏഷ്യ കപ്പിലെ ആദ്യ മത്സരം കളിക്കുക. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ശ്രീലങ്കയാണ് എതിരാളികള്‍.
ഏഷ്യ കപ്പിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്
മുഹമ്മദ് നയീം, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷമീം ഹൊസൈന്‍, തന്‍സിദ് ഹസന്‍, തൗഹിദ് ഹിരൗദി, ആഫിഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍, ഷാകിബ് അല്‍ ഹസന്‍ (വിക്കറ്റ് കീപ്പര്‍), ലിട്ടണ്‍ ദാസ് (വിക്കറ്റ് കീപ്പര്‍), മുഷ്ഫിഖര്‍ റഹീം (വിക്കറ്റ് കീപ്പര്‍), ഹസന്‍ മഹ്‌മൂദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, നാസും അഹമ്മദ്, ഷോരിഫുള്‍ ഇസ്‌ലാം, തന്‍സിം ഹസന്‍ സാക്കിബ്, താസ്‌കിന്‍ അഹമ്മദ്.
Content Highlight: Edabot Hossain ruled out from Asia Cup