| Wednesday, 27th July 2022, 10:28 am

പശ്ചിമ ബംഗാള്‍ മന്ത്രിക്കെതിരെ നിര്‍ണായക തെളിവുകളുമായി ഇ.ഡി; രേഖകള്‍ കണ്ടെത്തിയത് കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ഒന്നിലധികം സ്‌കൂള്‍ നിയമന അഴിമതികളില്‍ മുന്‍ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തതായി ഇ.ഡി.

എസ്.എസ്.സി മുഖേനയുള്ള അഴിമതിക്ക് പുറമെ പ്രൈമറി സ്‌കൂള്‍ അധ്യാപക നിയമനത്തിലും പാര്‍ഥ ചാറ്റര്‍ജിയുടെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി തെളിവുകള്‍ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച്ച അറിയിച്ചു.

നിലവിലെ വാണിജ്യ വ്യവസായ വകുപ്പ് മന്ത്രിയും, മുന്‍ പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയുമാണ് പാര്‍ഥ ചാറ്റര്‍ജി. അദ്ദേഹത്തെ കേന്ദ്ര ഏജന്‍സി കസ്റ്റഡിയില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കവെയാണ് ഇ.ഡിയുടെ ഈ വെളിപ്പെടുത്തല്‍.

എസ്.എസ്.സി വഴി അനധികൃതമായി അധ്യാപകരേയും ഗ്രൂപ്പ് ഡി ഉദ്യോഗസ്ഥരേയും നിയമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവ് ശേഖരിക്കുന്നതിനിടെയാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി ചാറ്റര്‍ജിയുടെ കൊല്‍ക്കത്തയിലെ വസതിയില്‍ നിന്ന് പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിലും അദ്ദേഹത്തിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന നിര്‍ണായക രേഖകള്‍ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചത്.

അധ്യാപകരുടെ യോഗ്യതാ പരീക്ഷയായ ടി.ഇ.ടിയില്‍ അഴിമതി കാട്ടിയാണ് നിയമനം നടത്തിയതെന്നാണ് അദ്ദേഹത്തിനെതിരായുള്ള കുറ്റം.അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും അപേക്ഷകരുടെ അഡ്മിറ്റ് കാര്‍ഡുകളും അപേക്ഷകളും, 2012ല്‍ നടന്ന ടി.ഇ.ടി പരീക്ഷയുടെ പുതുക്കിയ ഫലങ്ങളും കണ്ടെത്തിയെന്ന് ഇ.ഡി ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പുതുക്കിയ ഫലങ്ങള്‍ എല്ലാം തന്നെ ശിപാര്‍ശകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നതിന് തങ്ങളുടെ കയ്യില്‍ തെളിവുകളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വസതിയില്‍നിന്നും മൊയ്നഗിരി മുന്‍ തൃണമൂല്‍ എം.എല്‍.എ അനന്തദേബ് അധികാരിയുടെ പേരുള്ള ശിപാര്‍ശക്കത്ത് ലഭിച്ചതായും, അതില്‍ അഞ്ച് അപേക്ഷകരുടെ പേര് ഉള്‍പ്പെട്ടിരുന്നെന്നും ഇ.ഡി പറഞ്ഞു.

2016ല്‍ ചാറ്റര്‍ജി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് താന്‍ ഈ ശിപാര്‍ശ കൊടുത്തതെന്നും, എല്ലാ എം.എല്‍.എമാരും പറഞ്ഞതുകൊണ്ടാണ് താന്‍ ഇത് ചെയ്തതെന്നും അനന്തദേബ് അധികാരി സമ്മതിക്കുന്നുണ്ട്.

ചാറ്റര്‍ജിയുടെ വസതിയില്‍ നിന്നും കണ്ടെടുത്ത വസ്തുവകകളില്‍ പലതും മന്ത്രിയുടെ സഹായിയായ അര്‍പ്പിത മുഖര്‍ജിയുടെ പേരിലുമുള്ളതാണെന്നും ഇ.ഡി പറഞ്ഞു.

Content Highlight: ED with crucial evidence against former West Bengal minister

We use cookies to give you the best possible experience. Learn more