ന്യൂദല്‍ഹി: ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തെളിവായി ഇ.ഡി സമര്‍പ്പിച്ചത് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബില്ലുകള്‍. നിയമവിരുദ്ധമായി 31 കോടി രൂപയുടെ സ്ഥലം വാങ്ങിയെന്നാണ് സോറനെതിരെ ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസ്.
ഈ കേസിലാണ് ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബില്ലുകള്‍ കുറ്റപത്രത്തിനൊപ്പം ഇ.ഡി സമര്‍പ്പിച്ചത്. റാഞ്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡീലര്‍മാരില്‍ നിന്ന് ലഭിച്ച ബില്ലുകളാണ് തെളിവായി ഇ.ഡി ഹാജരാക്കിയത്.
സന്തോഷ് മുണ്ടയുടെ കുടുംബാംഗങ്ങളുടെ പേരിലാണ് ടി.വിയും ഫ്രിഡ്ജും വാങ്ങിയതെന്നും ഹേമന്ദ് സോറന്‍ നിയമവിരുദ്ധമായി വാങ്ങിയ 8.86 ഏക്കര്‍ സ്ഥലത്ത് വര്‍ഷങ്ങളായി താമസിക്കുന്നത് ഇയാളാണെന്നുമാണ് ഇ.ഡിയുടെ വാദം.
ഹേമന്ത് സോറനും കല്‍പ്പന സോറനും ഭൂമി സന്ദര്‍ശിക്കാറുണ്ടെന്ന് സന്തോഷ് മുണ്ട മൊഴി നല്‍കിയതായും ഇ.ഡി അവകാശപ്പെട്ടു. 2017 ഫെബ്രുവരിയില്‍ മുണ്ടയുടെ മകന്റെ പേരിലാണ് ഫ്രിഡ്ജ് വാങ്ങിയത്. 2022ലാണ് മകളുടെ പേരില്‍ ടി.വി വാങ്ങിയതെന്നും ഇ.ഡി പറയുന്നു.
മുണ്ടയുടെ കുടുംബം ടി.വിയും ഫ്രിഡ്ജും വാങ്ങിയതിന്റെ ബില്ലുകള്‍ കേസില്‍ സോറന്റെ ബന്ധം തെളിയിക്കാന്‍ സഹായിക്കുമെന്നാണ് ഇ.ഡി ഉയര്‍ത്തുന്ന വാദം. എന്നാല്‍ ഇ.ഡിയുടെ വാദം ഹേമന്ദ് സോറന്‍ നിഷേധിച്ചു.
ജനുവരി 31നാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹേമന്ദ് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചതിന് പിന്നാലെ ആയിരുന്നു അറസ്റ്റ്. നിലവിൽ റാഞ്ചി ഹോത്‌വാറിലെ ബിര്‍സ മുണ്ട ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് ഹേമന്ദ് സോറന്‍.
Content Highlight: ED uses fridge, smart TV receipts as proof against Jharkhand ex-CM Hemant Soren in land grab case