മുംബൈ: മഹാരാഷ്ട്രയില്‍ ഒരാഴ്ചയ്ക്കകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷത്തിനു തിരിച്ചടി നല്‍കി വന്‍ കണ്ടെത്തലുകളുമായി ആദായ നികുതി വകുപ്പ്. എന്‍.സി.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേലിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയായിരുന്ന ഇഖ്ബാല്‍ മേമനുമായി (ഇഖ്ബാല്‍ മിര്‍ച്ചി) അടുത്ത ബന്ധമുണ്ടായിരുന്നെന്ന കണ്ടെത്തലാണ് ഇപ്പോള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയിരിക്കുന്നത്.
മില്ലേനിയം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡും മേമന്റെ കുടുംബാംഗങ്ങളും ഉള്‍പ്പെട്ട 2007-ലെ ഒരു ഇടപാടിലേക്കാണ് അന്വേഷണം ഇപ്പോള്‍ വിരല്‍ ചൂണ്ടുന്നത്.
സൗത്ത്-സെന്‍ട്രല്‍ മുംബൈയിലെ സീജെ ഹൗസ് വാങ്ങിയതുമായി ബന്ധപ്പെട്ട ഇടപാടാണിത്. ഈ ഇടപാടില്‍ സീജെ ഹൗസിന്റെ സഹ ഉടമസ്ഥാവകാശത്തില്‍ പ്രഫുല്‍ പട്ടേലാണ് ഒപ്പിട്ടിരിക്കുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മുംബൈയില്‍ ഉണ്ടായിരുന്ന ചില ബിനാമി സ്വത്തുവകകള്‍ മേമന്റെയും കുടുംബാംഗങ്ങളുടേതുമാണെന്നു കണ്ടെത്തിയിട്ടുണ്ട്. അതില്‍ വോര്‍ലിയിലുള്ള രണ്ട് വസ്തുവകകള്‍ സണ്‍ബ്ലിങ്ക് റിയാല്‍ട്ടേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും മില്ലേനിയം ഡെവലപ്പേഴ്‌സിനുമായി വിറ്റിരുന്നു.
ഇതിലൊന്നാണ് സീജെ ഹൗസ്. 15 നിലയുള്ള ഈ കെട്ടിടം മേമനും മില്ലേനിയം ഡെവലപ്പേഴ്‌സും സംയുക്തമായി നിര്‍മിച്ചതാണ്. ഇതില്‍ 14,000 ചതുരശ്ര അടി വരുന്ന മൂന്നും നാലും നിലകള്‍ 2007-ല്‍ മില്ലേനിയം ഡെവലപ്പേഴ്‌സ് മേമന്റെ കുടുംബാംഗങ്ങള്‍ക്കു കൈമാറി.
ഇത് മേമന്റെ കുറ്റകൃത്യങ്ങള്‍ക്കുള്ള മറയായാണോ എന്നും പരിശോധന നടക്കുന്നുണ്ട്. സീജെ ഹൗസില്‍ പ്രഫുല്‍ പട്ടേലിന് രണ്ട് ഫ്‌ളാറ്റുകളുണ്ട്. മാത്രമല്ല, മില്ലേനിയം ഡെവലപ്പേഴ്‌സില്‍ അദ്ദേഹത്തിന് ഓഹരിയുമുണ്ട്. എന്നാല്‍ ആരോപണങ്ങളൊക്കെ അദ്ദേഹം നിഷേധിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
കൂടാതെ, ഖണ്ഡാലയില്‍ ആറേക്കറിലുള്ള ഒരു ബംഗ്ലാവ് കൂടി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇത് വൈറ്റ് വാട്ടര്‍ ലിമിറ്റഡിന്റെ പേരിലാണ്. എന്നാല്‍ മേമന്‍ കുടുംബമാണ് ഇതിന്റെ യഥാര്‍ഥ ഉടമസ്ഥരെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
വോര്‍ലിയിലെ സഹില്‍ ബംഗ്ലാവ്, ബൈക്കുളയിലെ റോഷന്‍ ടാക്കീസ്, ക്രോഫോഡ് മാര്‍ക്കറ്റിലെ മൂന്നു കടകള്‍, ജുഹുവിലെ മീനാസ് ഹോട്ടല്‍, ദക്ഷിണ മുംബൈയിലെ സമാന്തര്‍ മഹല്‍, പഞ്ച്ഗാനിയിലെ ഒരു ബംഗ്ലാവ് എന്നിവയും മേമന്‍ കുടുംബത്തിന്റെ കൈവശമാണ്.
ഇതിനെല്ലാം കൂടി അഞ്ഞൂറു കോടിയിലധികം മൂല്യം വരുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. അതിനിടെ മേമന്റെ ബിനാമിയുടെ ചെന്നൈയിലെ ഒരു വ്യാജ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് കള്ളപ്പണ ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തി.