| Tuesday, 17th March 2020, 8:25 am

യെസ് ബാങ്ക് വായ്പാ തട്ടിപ്പ്; കൂടുതല്‍ 'പ്രമുഖര്‍' കുടുങ്ങും; അംബാനിക്ക് പിന്നാലെ സുഭാഷ് ചന്ദ്രയ്ക്കും നരേഷ് ഗോയലിനും നോട്ടീസ് അയച്ച് ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: യെസ് ബാങ്ക് വായ്പാ തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ നീക്കം. സീഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്ര, ജെറ്റ് എയര്‍വെയ്‌സ് സ്ഥാപകന്‍ നരേഷ് ഗോയല്‍, അവാന്ത ഗ്രൂപ്പിന്റെ ഗൗതം ഥാപര്‍ തുടങ്ങിയ വ്യവസായികളെ ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് നോട്ടീസ് അയച്ചതിന് പിന്നാലെ സുഭാഷ് ചന്ദ്രയ്ക്കും നരേഷ് ഗോയലിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കി.

8,000 കോടി രൂപയാണ് സുഭാഷ് ചന്ദ്രയുടെ എസ്സെല്‍ ഗ്രൂപ്പ് യെസ്ബാങ്കില്‍ തിരിച്ചടയ്ക്കാനുള്ളത്. റിലയന്‍സ് ഗ്രൂപ്പ് 2,000 കോടിയും തിരിച്ചടയ്ക്കാനുണ്ട്.

അതേസമയം, യെസ് ബാങ്കിന് പ്രഖ്യാപിച്ച മൊറട്ടോറിയം മാര്‍ച്ച് 18ന് ഒഴിവാക്കുമെന്ന് അറിയിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. ബാങ്കില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

യെസ് ബാങ്കിന്റെ പ്രതിസന്ധി ഉടന്‍ പരിഹരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാരും കേന്ദ്ര ബാങ്കും എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യെസ് ബാങ്കിന് ഏതെങ്കിലും തരത്തില്‍ സഹായം ആവശ്യമുണ്ടെങ്കില്‍ ആര്‍.ബി.ഐ പണമായി നല്‍കി സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് അഞ്ചിനായിരുന്നു യെസ് ബാങ്കിന് ആര്‍.ബി.ഐ മൊറട്ടോറിയം ഏര്‍പ്പെടുത്തിയത്. ഇതോടെ ബാങ്കില്‍ നിന്നും പരമാവധി പിന്‍വലിക്കാവുന്ന തുക 50,000 രൂപയാക്കി ചുരുക്കിയിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more