ന്യൂദല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ അഭിഷേക് ബാനര്‍ജിയേയും ഭാര്യ രുജിരയേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അനധികൃതമായി കല്‍ക്കരി കടത്തിയ കേസിലാണ് ഇവരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.
സെപ്റ്റംബര്‍ 6ന് അഭിഷേകിനോടും സെപ്റ്റംബര്‍ 3ന് ഭാര്യ രുജിരയോടും അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാനാണ് പറഞ്ഞിരിക്കുന്നത്. അഭിഷേകിന്റെ വക്കീല്‍ സഞ്ജയ് ബസുവിനോടും സെപറ്റംബര്‍ 3ന് ഹാജരാകാനാണ് പറഞ്ഞിരിക്കുന്നത്.
മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരായ ശ്യാം സിംഗ്, ഗ്യാന്‍വന്ത് സിംഗ് എന്നിവരേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ടെന്നും ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
കല്‍ക്കരി കടത്ത് കേസില്‍ പ്രതികളായ ആളുകളില്‍ നിന്നും 4.37 കോടി രൂപയുടെ സംരക്ഷിത ഫണ്ട് ലീപ്‌സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡ്, ലീപ്‌സ് ആന്‍ഡ് ബൗണ്ട് മാനേജ്‌മെന്റ് സര്‍വീസസ് എന്നീ കമ്പനികള്‍ കൈപ്പറ്റിയിരുന്നു. ഈ കമ്പനികള്‍ക്ക് അഭിഷേക് ബാനര്‍ജിയുമായും കുടുംബവുമായും ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്.
ലീപ്‌സ് ആന്‍ഡ് ബൗണ്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരിലൊരാളാണ് അഭിഷേകിന്റെ പിതാവ് അമിത് ബാനര്‍ജി. ഭാര്യ രുജിര ലീപ്‌സ് ആന്‍ഡ് ബൗണ്ട് മാനേജ്‌മെന്റ് സര്‍വീസസിന്റെ ഡയറക്ടറുമാണ്.
2020 മാര്‍ച്ച് മുതല്‍ ദിവസേനയെന്നോണം കോടിക്കണക്കിന് രൂപ കടത്തിയിരുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കേസില്‍ മുന്‍പ് അറസ്റ്റിലായ ബങ്കുര പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അശോക് മിശ്രയായിരുന്നു പണം സ്വീകരിച്ചിരുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പണം ഔദ്യോഗിക വാഹനങ്ങളിലായിരുന്നോ കടത്തിയതെന്നും ഇഡി സംശയിക്കുന്നു.
അനധികൃത കല്‍ക്കരി കടത്തുമായി ബന്ധപ്പെട്ട് 2020 നവംബര്‍ 28ന് വെസ്റ്റ് ബംഗാളിലെ 45 സ്ഥലങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് ചെയ്തിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെ കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി ബംഗാള്‍ അതിര്‍ത്തികളിലൂടെ നിയമവിരുദ്ധമായി കടത്തിയിട്ടുണ്ടെന്നാണ് വിവരം.