ന്യൂദല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ഇ.ഡിയുടെ നടപടിയില്‍ പ്രതിഷേധം നടത്തുമെന്ന് കോണ്‍ഗ്രസ്. ജൂലൈ 21 ഹാജരാകണമെന്നാണ് ഇ.ഡിയുടെ നിര്‍ദേശം. അന്നേ ദിവസം തന്നെ പ്രതിഷേധം നടത്തുമെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.
നേരത്തെ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ശാരീരിക അസ്വസ്ഥതകല്‍ കാരണം ഹാജരാകാന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് 21ന് ഹാജരാകണമെന്ന പുതിയ സമന്‍സ് അയച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ കുമാര്‍ ബന്‍സാല്‍ തുടങ്ങിയവരെ മുന്‍പ് ഇതേ കേസില്‍ ഇ.ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ മാസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയേയും ഇ.ഡി ചോദ്യം ചെയ്തിരുന്നു. ഇതിനതിരേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊലീസ് മര്‍ദനമേറ്റിരുന്നു.
1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം പത്രത്തിന് 90കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു.
പിന്നീട് 2010ല്‍ സോണിയ ഗാന്ധി പ്രധാന ഷെയര്‍ഹോള്‍ഡറും, രാഹുല്‍ ഗാന്ധി ഡയറക്ടറുമായ യങ് ഇന്ത്യ കമ്പനിയുടെ കീഴിലേക്ക് നാഷണല്‍ ഹെറാള്‍ഡിന്റെ ബാധ്യതകള്‍ മാറ്റി. പണം തിരിച്ചു നല്‍കാന്‍ എ.ജെ.എല്ലിന് സാധിക്കാതിരുന്നതോടെ എ.ജെ.എല്ലിന്റെ 2000കോടി രൂപയുടെ സ്വത്തുക്കള്‍ യങ് ഇന്ത്യ വാങ്ങി.
ഈ സംഭവം ചോദ്യം ചെയ്ത് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യ സ്വാമി ദല്‍ഹിയിലെ പട്യാല കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപ്പെട്ട് 2014ല്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതി വിളിച്ചുവരുത്തുഗകയും ചെയ്തിരുന്നു. 2015ല്‍ തെളിവില്ലെന്ന് കണ്ടെത്തി കോടതി അവസാനിപ്പിച്ച കേസിലാണ് നിലവില്‍ പുനരന്വേഷണം നടക്കുന്നത്.
Content Highlight: ED summoned sonia gandhi on national herald case, congress to protest