| Wednesday, 3rd August 2022, 5:38 pm

നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് അടച്ചുപൂട്ടി ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നീണ്ട കാലത്തെ ചോദ്യം ചെയ്യലിനൊടുവില്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസ് സീല്‍ ചെയ്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കഴിഞ്ഞ ദിവസം ഇ.ഡി നാഷണല്‍ ഹെറാള്‍ഡിന്റെ ഓഫീസില്‍ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓഫീസ് സീല്‍ ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും അഴിമതിക്കേസില്‍ ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു ഇ.ഡി ഓഫീസില്‍ റെയ്ഡ് നടത്തിയത്.

1938ല്‍ ജവഹര്‍ലാല്‍ നെഹ്റു ആരംഭിച്ച നാഷണല്‍ ഹെറാള്‍ഡ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണ് പ്രസിദ്ധീകരിച്ചിരുന്നത്. സാമ്പത്തിക പ്രതിസന്ധികള്‍ കാരണം 2008ല്‍ പത്രം നിര്‍ത്തുന്നതിന് മുന്‍പായി കോണ്‍ഗ്രസ് നേതൃത്വം പത്രത്തിന് 90കോടി രൂപയുടെ പലിശ രഹിത വായ്പ നല്‍കിയിരുന്നു.

 പിന്നീട് 2010ല്‍ സോണിയ ഗാന്ധി പ്രധാന ഷെയര്‍ഹോള്‍ഡറും, രാഹുല്‍ ഗാന്ധി ഡയറക്ടറുമായ യങ് ഇന്ത്യ കമ്പനിയുടെ കീഴിലേക്ക് നാഷണല്‍ ഹെറാള്‍ഡിന്റെ ബാധ്യതകള്‍ മാറ്റി. പണം തിരിച്ചു നല്‍കാന്‍ എ.ജെ.എല്ലിന് സാധിക്കാതിരുന്നതോടെ എ.ജെ.എല്ലിന്റെ 2000കോടി രൂപയുടെ സ്വത്തുക്കള്‍ യങ് ഇന്ത്യ വാങ്ങി.ഈ സംഭവം ചോദ്യം ചെയ്ത് ബി.ജെ.പി നേതാവായ സുബ്രഹ്മണ്യ സ്വാമി ദല്‍ഹിയിലെ പട്യാല കോടതിയെ സമീപിക്കുകയും ഇതുമായി ബന്ധപ്പെട്ട് 2014ല്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും കോടതി വിളിച്ചുവരുത്തിയിരുന്നു. 2015ല്‍ തെളിവില്ലെന്ന് കണ്ടെത്തി കോടതി അവസാനിപ്പിച്ച കേസിലാണ് നിലവില്‍ പുനരന്വേഷണം നടക്കുന്നത്.

നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മൂന്ന് തവണയായി സോണിയയെ വിളിപ്പിച്ച് ഇ.ഡി ചോദ്യം ചെയ്തിരുന്നു. കോൺഗ്രസ് നേതാക്കളായ പവൻ ബൻസാൽ, മല്ലികാർജ്ജുൻ ഖാർഗെ എന്നിവരും ചോദ്യം ചെയ്യപ്പെട്ടു. ഏകദേശം അഞ്ച് ദിവസത്തോളമായി 50 മണിക്കൂറോളം സമയമാണ് വിഷയത്തിൽ രാഹുൽ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തത്.

Content Highlight: ED sealed National herald office

We use cookies to give you the best possible experience. Learn more