വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയില്‍ കേസെടുത്ത് ഇ.ഡി
Kerala
വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയില്‍ കേസെടുത്ത് ഇ.ഡി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th March 2024, 2:10 pm

തിരുവനന്തപുരം: വീണ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടി ആരോപണത്തിൽ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇ.ഡി കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസില്‍ എസ്.എഫ്.ഐ.ഒ അന്വേഷണം തുടരുന്നതിനിടെ ആണ് ഇ.ഡി കേസെടുത്തത്. നേരത്തെ ഇത് സംബന്ധിച്ച പ്രാഥമിക വിവര ശേഖരണം ഉള്‍പ്പടെ ഇ.ഡി നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ഇ.ഡി ഇ.സി.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പ്രതി പട്ടികയില്‍ ആരൊക്കെ ഉണ്ടെന്ന വിവരം ഇ.ഡി ഇതുവരെ പുറത്ത് വിട്ടിട്ടില്ല. മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെടെ മാസപ്പടി കേസില്‍ നേരത്തെ ആരൊക്കെ ഉണ്ടായോ അവരൊക്കെ ഇ.ഡി അന്വേഷണത്തിന്റെ പരിധിയില്‍ വരും.

കള്ളപ്പണം ഇടപാട്, ഫെമ നിയമലംഘനം എന്നിവ ഉള്‍പ്പടെ വിവിധ വിഷയങ്ങള്‍ ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരും. എസ്.എഫ്.ഐ.ഒ അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇ.ഡി അന്വേഷണവും ഉണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ തങ്ങളെ വേട്ടയാടുകയാടാന്‍ ശ്രമിക്കുകയാണെന്ന് സി.പി.ഐ.എം നേരത്തെ ആരോപിച്ചിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ കേസെടുത്ത് ഇ.ഡി രംഗത്തെത്തിയത്. ഇല്ലാത്ത സേവനത്തിന് പണം നല്‍കുക വഴി കള്ളപ്പണ ഇടപാട് നടന്നു എന്നാണ് ഇ.ഡിയുടെ നിഗമനം. ആദായനികുതി വകുപ്പിന്റെ സെറ്റില്‍മെന്റ് ഉത്തരവിനെ തുടര്‍ന്നാണ് മാസപ്പടി വിവാദം ഉയര്‍ന്ന് വന്നത്.

Content Highlight: ed registers ecir in masappadi case