വരുമാനം 220 കോടി: വിജയ് മല്യയുടെ ബിനാമി കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്
national news
വരുമാനം 220 കോടി: വിജയ് മല്യയുടെ ബിനാമി കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th July 2019, 6:38 pm

വായ്പ തട്ടിപ്പുകേസിലെ പ്രതി വിജയ് മല്യയുടെ ബിനാമി കമ്പനികളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

വിജയ് മല്യയുമായി അടുത്ത ബന്ധമുള്ള വി.ശശികാന്തിന്റെ പേരിലുള്ള സ്ഥാപനങ്ങളിലായിരുന്നു റെയ്ഡ്. 220 കോടിയാണ് കമ്പനിയുടെ വരുമാനമെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

2017 വരെ വിജയ് മല്യ ഗ്രൂപ്പില്‍ അംഗമായിരുന്നു ശശികാന്ത്. ഒമ്പത് വര്‍ഷം മല്യയുടെ എക്‌സിക്യുട്ടീവ് അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുണൈറ്റെഡ് ബ്രൂവറീസ് ഹോള്‍ഡിങിന്റെ(യു.ബി.എച്ച്.എല്‍) എംഡിയുമായിരുന്നു ശശികാന്ത്. വിജയ് മല്യയുടെ കമ്പനികളായ ബ്രൂവറീസ്, കിങ്ഫിഷര്‍ തുടങ്ങിയവയുടെ 10.72 ശതമാനം ഷെയറും യു.ബി.എച്ച്.എല്ലിനുണ്ട്.

വിജയ് മല്യ നാടുവിട്ടതിന് പിന്നാലെ, യു.ബി.എച്ച്.എല്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. തുടര്‍ന്ന് ശശികാന്ത് ബെംഗലൂരുവിലുള്ള യുണൈറ്റഡ് ബ്രാന്‍ഡിങ് വേള്‍ഡ് വൈഡ് എന്ന കമ്പനിയെ യു.ബി.എച്ച്.എല്ലുമായി സംയോജിപ്പിച്ചു. ശശികാന്തിന്റെ ഭാര്യയും മകളും പാര്‍ട്ണര്‍മാരായുള്ളതാണ് ഈ കമ്പനി. മല്യയുടെ കമ്പനിയുടെ സുഗമമായ പ്രവര്‍ത്തനത്തിനുവേണ്ടിയായിരുന്നു ഈ നീക്കമെന്ന് അന്വേഷണ സംഘം പറയുന്നു.

വിജയ് മല്യയുമായി ശശികാന്ത് നിരന്തരം ബന്ധപ്പെട്ടിരുന്നെന്ന് വ്യക്തമാക്കുന്ന രേഖകളും ഇ-മെയ്ല്‍, വാട്‌സ്ആപ്പ് സന്ദേശങ്ങളും എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി.

മല്യയുടെ ബിനാമി കമ്പനികളായ ഗോള്‍ഡ് റീഫ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ലിമിറ്റഡ്, മക്‌ഡൊവല്‍ ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. മക്‌ഡൊവല്‍ ഹോള്‍ഡിങ്‌സിന്റെ മൂന്ന് കോടിയുടെ ഷെയര്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നും 9000 കോടി വായ്പത്തട്ടിപ്പ് നടത്തി രാജ്യം കടന്ന കേസില്‍ ഇന്ത്യ തേടുന്നയാളാണ് മല്യ. മല്യയെ ഇന്ത്യയ്ക്ക് വിട്ടുകൊടുക്കാന്‍ നേരത്തെ ലണ്ടന്‍ കോടതി വിധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ലണ്ടനിലെ കോടതിയില്‍ ഇനിയും പൂര്‍ത്തിയാക്കുവാനുണ്ട്. 2016 മാര്‍ച്ച് 2 നാണ് മല്യ രാജ്യംവിട്ടത്.