| Saturday, 29th April 2023, 4:05 pm

2011 മുതല്‍ ബൈജൂസ് 28,000 കോടിയുടെ വിദേശ നിക്ഷേപം സ്വീകരിച്ചു; 2021ലെ സാമ്പത്തിക ഓഡിറ്റിങ്ങിലും ക്രമക്കേട്: ഇ.ഡി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: എജ്യൂ ടെക് ഭീമന്‍ ബൈജൂസിന്റെ ഓഫീസുകളിലും കമ്പനി സി.ഇ.ഒ ബൈജു രവീന്ദ്രന്റെ വീട്ടിലും നടത്തിയ ഇ.ഡി റെയ്ഡില്‍ സുപ്രധാന രേഖകള്‍ പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. വിദേശ ധന സഹായം ലഭിച്ചെന്ന പരാതിയിലാണ് ശനിയാഴ്ചയോടെ ബെംഗളൂരുവിലെ ബൈജൂസിന്റെ മൂന്നോളം കേന്ദ്രങ്ങളില്‍ ഫെമ നിയമ പ്രകാരം ഇ.ഡി. പരിശോധന നടത്തിയത്.

പരിശോധനക്കിടെ 2011 മുതല്‍ കമ്പനി സ്വീകരിച്ച വിദേശ നിക്ഷേപങ്ങളുടെ കണക്കും ഇ.ഡി പുറത്ത് വിട്ടിട്ടുണ്ട്. 2023 വരെ 28000 കോടിയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിച്ച ബൈജൂസ് 2020-21 കാലത്തെ സാമ്പത്തിക ഓഡിറ്റിങ് നടത്തിയിട്ടില്ലെന്നും ഇ.ഡി അറിയിച്ചു. സാമ്പത്തിക ഇടപാടുകള്‍ നടത്തിയ ബാങ്ക് അക്കൗണ്ടുകളുടെ വിശദമായ പരിശോധന നടത്തുമെന്നും ഇ.ഡി പ്രസ്താവനയില്‍ പറഞ്ഞു.

‘2011 മുതല്‍ 2023 വരെ ഏകദേശം 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപമാണ് ബൈജൂസ് നടത്തിയിട്ടുള്ളത്. ഇതേ കാലയളവില്‍ 9754 കോടി രൂപ വിവിധ വിദേശ രാജ്യങ്ങളില്‍ കമ്പനി നിക്ഷേപിക്കുകയും ചെയ്തിട്ടുണ്ട്.

944 കോടി രൂപയാണ് പരസ്യത്തിന് മാത്രമായി ബൈജൂസ് മുടക്കിയിട്ടുള്ളത്. 2020-21 കാലയളവിലെ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ബൈജൂസ് തയ്യാറാക്കിയിട്ടുമില്ല. കമ്പനിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള ബാങ്ക് റിപ്പോര്‍ട്ടുകളെ കുറിച്ച് വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്,’ ഇ.ഡി വൃത്തങ്ങള്‍ അറിയിച്ചു.

സ്വകാര്യ വ്യക്തികളില്‍ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ബൈജൂസിനെതിരെ അന്വേഷണം നടത്തിയതെന്നും പരാതിയില്‍ നേരിട്ട് ഹാജരാകാന്‍ ബൈജു രവീന്ദ്രന് സമന്‍സുകള്‍ അയച്ചിരുന്നെങ്കിലും അദ്ദേഹമത് അവഗണിക്കുകയായിരുന്നെന്നും ഇ.ഡി. കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫെമ നിയമത്തിന് കീഴിലുള്ള സ്വാഭാവിക നടപടി മാത്രമാണ് കമ്പനിയില്‍ നടന്നതെന്നാണ് ബൈജൂസിന്റെ പ്രതികരണം. തങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമാണെന്നും ഇ.ഡി ആവശ്യപ്പെട്ട രേഖകളെല്ലാം തന്നെ ഹാജരാക്കിയിട്ടുണ്ടെന്നും ബൈജൂസ് പ്രസ്താവനയില്‍ പറഞ്ഞു.

Content Highlight: ed raids at byjus office

We use cookies to give you the best possible experience. Learn more