അര്‍ണബിനെതിരെ നിയമസഭയില്‍ നടപടിയാവശ്യപ്പെട്ട ശിവസേന എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്; മകനെ തടവിലാക്കിയതായും റിപ്പോര്‍ട്ട്
national news
അര്‍ണബിനെതിരെ നിയമസഭയില്‍ നടപടിയാവശ്യപ്പെട്ട ശിവസേന എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്; മകനെ തടവിലാക്കിയതായും റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th November 2020, 1:50 pm

മുംബൈ: റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമി പ്രത്യേക അവകാശ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നിയമ സഭയില്‍ നിയമനടപടി ആവശ്യപ്പെട്ട ശിവസേന എം.എല്‍.എ പ്രതാപ് സാര്‍ണായിക് വീട്ടിലും ഓഫീസിലും എന്‍ഫോഴ്‌സമെന്റ് ഡയരക്ടറേറ്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

താനെയിലും മുംബൈയിലുമായി 10 ഇടങ്ങളിലാണ് റെയ്ഡ് നടന്നു കൊണ്ടിരിക്കുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറ്റ് പറഞ്ഞു. റെയ്ഡില്‍ എം.എല്‍.എയുടെ മകന്‍ വിഹാങ് സര്‍നായിക്കിനെ തടവിലാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രതിപക്ഷത്തെ നിശബ്ദമാക്കാനായി കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതാണെന്ന് ശിവസേനാ വക്താവ് പ്രിയങ്കാ ചതുര്‍വേദി ആരോപിച്ചു.

കേന്ദ്രത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ നടപ്പാക്കുന്നതിലേക്ക് കേന്ദ്രം ചുരുങ്ങിയെന്നും തിരിച്ചടിക്കാനുള്ള തങ്ങളുടെ ശക്തി കൂടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ചാനല്‍ ചര്‍ച്ചയില്‍ നിയസഭാംഗങ്ങള്‍ക്കുള്ള പ്രത്യേക അവകാശത്തിന്റെ ലംഘനം നടത്തിയെന്ന് കാണിച്ചായിരുന്നു സര്‍നായിക് അര്‍ണബിനെതിരെ അദ്ദേഹം നടപടി ആവശ്യപ്പെട്ടത്.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്കെതിരെയും എന്‍.സി.പി പ്രസിഡണ്ട് ശരദ് പവാറിനെതിരെയും ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ശിവസേന എം.എല്‍.എയായ പ്രതാപ് സര്‍നായിക് അര്‍ണബിനെതിരെ പരാതിപ്പെട്ടത്.

അര്‍ണബ് സ്ഥിരമായി മന്ത്രിമാരെയും ലോക്സഭ വിദാന്‍സഭ അംഗങ്ങളെയും അധിക്ഷേപിക്കാറുണ്ടെന്നെന്നും ശിവസേന എം.എല്‍.എ പറഞ്ഞു.

സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന്റെ പേരും പറഞ്ഞ് മുഖ്യമന്ത്രിയുടെ ഇമേജിനെ ബാധിക്കുന്ന രീതിയിലാണ് അര്‍ണബിന്റെ പ്രവര്‍ത്തനം. സഭയില്‍ നിന്ന് ഇതിനെതിരെ ശക്തമായ നടപടി ഉണ്ടാവേണ്ടതുണ്ടെന്നായിരുന്നു പ്രതാപ് പറഞ്ഞത്.

താനെയിലെ ഒവാല മജിവാഡ മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയാണ് പ്രതാപ് സര്‍നായിക്.

മുംബൈയെ പാക്ക് അധിനിവേശ കാശ്മീരിനോട് ഉപമിച്ച ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ രാജ്യദ്രോഹത്തിന് കേസ് എടുക്കണമെന്ന് അദ്ദേഹം മുമ്പ് ആവശ്യപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ED raids 10 places related to Shiv Sena MLA Pratap Sarnaik