ചെന്നൈ: തമിഴ് സിനിമാ വ്യവസായ മേഖലയിലെ നിര്‍മാണ ഭീമനായ ലൈക പ്രൊഡക്ഷന്‍സിന്റെ ഓഫീസില്‍ റെയ്ഡ്.
ത്യാഗരായ നഗര്‍, കാരപ്പാക്കം, അഡയാര്‍ എന്നിവയുള്‍പ്പെടെ ചെന്നൈയിലെ 8 സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനധികൃത പണമിടപാട് സംബന്ധിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ലൈകയുടെ നിര്‍മാണത്തിലൊരുങ്ങിയ പൊന്നിയിന്‍ സെല്‍വന്‍ ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് വലിയ കളക്ഷന്‍സ് ലഭിച്ചിരുന്നു. ഇതിനോടനുബന്ധിച്ച് അനധികൃത പണപിടപാട് നടത്തിയെന്നാണ് പരാതി. ഓഫീസുകളില്‍ നിന്നും ഇത് സംബന്ധിച്ച് എന്തൊക്കെ തെളിവുകള്‍ ലഭിച്ചു എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല.
2014ല്‍ വിജയ് നായകനായ കത്തി എന്ന ചിത്രത്തിലൂടെയാണ് ലൈക നിര്‍മാണ രംഗത്തേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് കൊലമാവ് കോകില, വടചെന്നൈ, 2.0, ഡോണ്‍ മുതലായ ഹിറ്റുകള്‍ ലൈകയുടെ നിര്‍മാണത്തില്‍ പുറത്ത് വന്നിരുന്നു.
കമല്‍ ഹാസന്റെ ഇന്ത്യന്‍ 2, രജനികാന്തിന്റെ വരാനിരിക്കുന്ന ചിത്രം ചെദ്ദാര്‍ 171, മകള്‍ ഐശ്വര്യയുടെ ലാല്‍ സലാം തുടങ്ങിയ ചിത്രങ്ങളും ലൈകയാണ് നിര്‍മിക്കുന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തമിഴ്‌നാട്ടിലെ വിവിധ നിര്‍മാതാക്കളുടെ നാല്പതോളം ഓഫീസുകളില്‍ റെയ്ഡ് നടന്നിരുന്നു. അന്ന് കള്ള പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ പിടിച്ചെടുത്തിരുന്നു.
Comtent Highlight: ED raid at Lyca Productions offices