ഭൂമി തട്ടിപ്പ് കേസ്: തേജസ്വി യാദവിന്റെ വസതിയുള്‍പ്പെടെ 24 പ്രദേശങ്ങളില്‍ ഇ.ഡി റെയ്ഡ്
national news
ഭൂമി തട്ടിപ്പ് കേസ്: തേജസ്വി യാദവിന്റെ വസതിയുള്‍പ്പെടെ 24 പ്രദേശങ്ങളില്‍ ഇ.ഡി റെയ്ഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 10th March 2023, 1:53 pm

ന്യൂദല്‍ഹി: ഭൂമി തട്ടിപ്പ് കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്റെ വസതിയുള്‍പ്പെടെ പട്‌ന, റാഞ്ചി, മുംബൈ എന്നിവിടങ്ങളിലെ 24 പ്രദേശങ്ങളില്‍ റെയ്ഡ് നടത്തി ഇ.ഡി. കള്ളപ്പണം തടയല്‍ നിയമപ്രകാരമാണ് റെയ്‌ഡെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെയും റാബ്‌റിദേവിയേയും സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്.

ബി.ജെ.പിക്കെതിരെയുള്ള പരാമര്‍ശങ്ങളും വിമര്‍ശനങ്ങളുമാണ് തന്റെ മാതാപിതാക്കള്‍ക്ക് നേരെയുള്ള സി.ബി.ഐ ചോദ്യം ചെയ്യല്‍ വരെയെത്തിയതെന്ന് തേജസ്വി യാദവ് പറഞ്ഞിരുന്നു. തങ്ങളെ എതിര്‍ക്കുന്നവരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കീഴ്‌പ്പെടുത്തുന്നത് ബി.ജെ.പിയുടെ ശീലമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാര്‍ച്ച് ഏഴിന് ലാലുപ്രസാദ് യാദവിനെ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലിരിക്കെയായിരുന്നു ചോദ്യം ചെയ്യല്‍.

ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയിലെ നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഉദ്യോഗര്‍ത്ഥികളില്‍ നിന്നും തുച്ഛമായ വിലക്ക് ഭൂമി വാങ്ങിയെന്നതാണ് ലാലു പ്രസാദ് യാദവിന് എതിരെയുള്ള കേസ്.

കഴിഞ്ഞ വര്‍ഷം മേയ് 18നാണ് ലാലു പ്രസാദ് യാദവിനെതിരെ സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 16 പ്രദേശങ്ങളില്‍ അന്നും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു.

Content Highlight: ED raid at 24 places including tejaswi yadav’s house