ന്യൂദല്‍ഹി: കോണ്‍ഗ്രസ് എം.എല്‍.എയെ പതിനഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് നടപടിയെ വിമര്‍ശിച്ച് സുപ്രീം കോടതി. ഇ.ഡിയുടെ നടപടി അങ്ങേയറ്റം മനുഷ്യത്ത രഹിതമാണെന്നും ഒരു വ്യക്തിയെ അര്‍ദ്ധരാത്രിക്കപ്പുറം നീണ്ട പതിനഞ്ച് മണിക്കൂറോളം ചോദ്യം ചെയ്യുന്ന സമീപനം ആശങ്കയുണ്ടാക്കുന്നുവെന്നും കോടതി പറഞ്ഞു.
ഹരിയാനയിലെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ സുരേന്ദര്‍ പവാറിനെ പതിനഞ്ച് മണിക്കൂറോളം ചോദ്യം ചെയ്ത ഇ.ഡി നടപടിയെയാണ് സുപ്രീം കോടതി വിമര്‍ശിച്ചത്. ജസ്റ്റിസുമാരായ അഭയ് എസ്. ഓക്ക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് പരാമര്‍ശം.
ചോദ്യം ചെയ്യലിന് ശേഷം എം.എല്‍.എയെ അറസ്റ്റ് ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ നടപടി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ഉത്തരവും സുപ്രീം കോടതി ശരിവെച്ചു. അനധികൃതമായി മണല്‍ വരിയെന്ന് ആരോപിച്ചാണ് ഇ.ഡി മനുഷ്യത്ത രഹിതമായ പെരുമാറ്റം നടത്തിയതെന്നും ബെഞ്ച് നിരീക്ഷിച്ചു.
സ്വയം കുടുക്കുന്ന തരത്തിലുള്ള മൊഴി നല്‍കാന്‍ എം.എല്‍.എയെ നിര്‍ബന്ധിച്ചുവെന്നും കൈകടന്ന രീതിയിലുള്ള അധികാര ദുര്‍വിനിയോഗമാണ് നടന്നതെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
ഇടവേളകളില്ലാതെ ഒരാളെ എത്രമണിക്കൂര്‍ ചോദ്യം ചെയ്യുമെന്നും ആളുകളെ അറസ്റ്റ് ചെയ്യണമെന്ന് കരുതി ആളുകളില്‍ സമ്മര്‍ദം ചെലുത്തരുതെന്നും കോടതി വിമര്‍ശിച്ചു. ഇത്തരം നടപടികള്‍ വിമര്‍ശനാത്മകമാണെന്നും ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
അനധികൃത മണല്‍ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തത്. 2024 ജൂലൈ 14നായിരുന്നു സംഭവം. ജുലൈ 20ന് പുലര്‍ച്ചെ വരെ ഇ.ഡി തുടര്‍ച്ചയായി എം.എല്‍.എയെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പിന്നാലെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് സെപ്റ്റംബര്‍ 29ന് പഞ്ചാബ്- ഹരിയാന കോടതി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ചോദ്യം ചെയ്യല്‍ ഇ.ഡിക്ക് പൊങ്ങച്ചം കാണിക്കാനുള്ള പരിപാടിയല്ലെന്നും മനുഷ്യരുടെ അന്തസിനെ മാനിക്കണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി ഉത്തരവിനെതിരെ ഇ.ഡി സുപ്രീം കോടതിയെ സമീപിച്ചത്.
Content Highlight: ED questioned Congress MLA for 15 hours; Supreme Court not to treat inhumanly