കൊച്ചി: മുട്ടില്‍ മരംമുറിക്കേസില്‍ റിപ്പോര്‍ട്ടര്‍ ടി.വിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം. ഉടമകള്‍ കള്ളപ്പണം വെളിപ്പിച്ചോയെന്ന കാര്യത്തിലാണ് അന്വേഷണം നടത്തുന്നത്. ചാനല്‍ ഓഹരികൈമാറ്റത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചാനലിനോട് വിശദീകരണം തേടിയിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ടി.വിയുടെ ഓഹരികൈമാറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കെ.സുധാകരന്‍ എം.പി കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ രേഖമൂലം കെ.സുധാകരനെ അറിയിച്ചിരിക്കുന്നത്. ചാനല്‍ മേധാവിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം അന്വേഷണം നടക്കുകയാണെന്ന് കെ.സുധാകരന് കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത്ത് സിങ് മറുപടി നല്‍കി.
വൈത്തിരി താലൂക്കിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്ന് അനധികൃതമായി മരം മുറിച്ച് കടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവിക്കെതിരെ കേരള പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ റിപ്പോര്‍ട്ടര്‍ ടി.വി ചാനലിന്റെ ഓഹരി കൈമാറ്റത്തിന്റെ പേരില്‍ വെളുപ്പിക്കപ്പെട്ടിട്ടുണ്ടോയെന്നത് പരിശോധിക്കാനായിരുന്നു കെ.സുധാകരന്‍ ആവശ്യപ്പെട്ടിരുന്നത്. ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കമ്പനി അധികൃതരില്‍ നിന്നും തേടിയിട്ടുണ്ടെന്നും പഴയ റിപ്പോര്‍ട്ടര്‍ ചാനല്‍ പുതിയ മാനേജ്‌മെന്റ് ഏറ്റെടുത്തപ്പോള്‍ ടെലികാസ്റ്റിങ് ലൈസന്‍സ് പുതിയ കമ്പനിയുടേതായി മാറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ചാനല്‍ മറുപടി നല്‍കിയിട്ടില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരികൈമാറ്റവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും സര്‍ക്കാര്‍ അറിയിച്ചു. ഉടമസ്ഥ കൈമാറ്റവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ചാനലിനോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlight: ED Probe against reporter tv