|

അഴിമതിക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഴിമതിക്കേസില്‍ സി.ബി.ഐ ചോദ്യം ചെയ്ത എന്‍ഫോര്‍സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. ഇ.ഡി ഉദ്യോഗസ്ഥനായ അലോക് കുമാര്‍ രജ്ഞന്റെ മൃതദേഹം ദല്‍ഹിക്ക് സമീപം സാഹിബാബാദിലെ റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്.

അഴിമതിക്കേസില്‍ സി.ബി.ഐയുടെ നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അഴിമതി ആരോപണത്തില്‍ സി.ബി.ഐ അദ്ദേഹത്തെ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയക്കുകയായിരുന്നു.

ഇദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നാണ് പൊലീസ് അറിയിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഗാസിയാബാദ് സ്വദേശിയായ ഇദ്ദേഹം നേരത്തെ ആദായനികുതി വകുപ്പില്‍ ജോലി ചെയ്തിരുന്നു. നിലവില്‍ ദല്‍ഹിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ ജോലിചെയ്യുകയായിരുന്നു.

ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ്ങിനെ സി.ബി.ഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അലോക് കുമാര്‍ കൈക്കൂലി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാവുന്നത്.

മകനെ അറസ്റ്റുചെയ്യുമെന്ന് ഭീഷണിപ്പെടുത്തി ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് സിങ്ങ് ഒരു വ്യക്തിയുടെ പക്കല്‍ നിന്നും 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.വ്യക്തി പരാതി നല്‍കിയ അടിസ്ഥാനത്തില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വ്യക്തമായിരുന്നു. പിന്നാലെയാണ് സന്ദീപ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്.

നേരത്തെ സന്ദീപ് സിങ്ങിന്റെ നേതൃത്വത്തില്‍ മുംബൈയില്‍ ജ്വല്ലറിയില്‍ നടത്തിയ റെയ്ഡില്‍ സന്ദീപ് സിങ്ങ് കൈക്കൂലി വാങ്ങിയതായും അതേ കേസില്‍ ആത്മഹത്യ ചെയ്ത ഇ.ഡി ഉദ്യോസ്ഥനും പങ്കുണ്ടെന്ന് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് സന്ദീപ് സിങ്ങിനെ സസ്പെന്റ് ചെയ്തതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റില്‍ നിന്നും ലഭിക്കുന്ന വിവരം.

Content Highlight: ED officer, under CBI scanner in corruption case, dies by suicide