| Tuesday, 2nd April 2024, 8:22 pm

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം.പി പി.കെ ബിജുവിന് ഇ.ഡി നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം.പി പി.കെ. ബിജുവിന് ഇ.ഡി നോട്ടീസ്. വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്. സി.പി.ഐ.എം അന്വേഷണ കമ്മീഷന്‍ അംഗമായ പി.കെ ഷാജനോട് വെള്ളിയാഴ്ച ഹാജരാകണമെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്.

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ ഇപ്പോള്‍ രണ്ടാംഘട്ട അന്വേഷണമാണ് നടക്കുന്നത്. ആദ്യഘട്ട അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെ രണ്ടാം ഘട്ടത്തില്‍ സി.പി.ഐ.എം നേതാക്കന്‍മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് ഇ.ഡി പറഞ്ഞിരുന്നു.

സി.പി.ഐ.എം തൃശൂര്‍ ജില്ലാ സെക്രട്ടറിയായ എം.എം. വര്‍ഗീസിന് കഴിഞ്ഞ ദിവസം ഇ.ഡി നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നേതാക്കളെ ലക്ഷ്യമിട്ട് ഇ.ഡി രംഗത്തെത്തുന്നത്. എന്നാല്‍ തനിക്ക് അത്തരത്തിലൊരു നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് എം.എം. വര്‍ഗീസ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

സി.പി.ഐ.എമ്മിന്റെ ഒരു മുന്‍ എം.പിക്ക് കേസുമായി ബന്ധമുണ്ടെന്ന് ഇ.ഡി നേരത്തെ കോടതിയില്‍ അറിയിച്ചിരുന്നു. കേസിലെ മുഖ്യ പ്രതിയുമായി എം.പി സാമ്പത്തിക ഇടപാട് നടത്തിയിരുന്നെന്നും ഇ.ഡി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. അതിന് ശേഷം ഈ എം.പി പി.കെ. ബിജു ആണെന്ന തരത്തില്‍ ചര്‍ച്ചകളും നടന്നിരുന്നു.

ഇതിന് പിന്നാലെയാണ് പി.കെ. ബിജുവിന് ഇ.ഡി ഇപ്പോള്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേസിലെ മുഖ്യ പ്രതിയുമായി സാമ്പത്തിക ഇടപാട് നടന്നെന്ന കാര്യത്തില്‍ വ്യക്തത വരാനാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരിക്കുന്നത്.

കരുവന്നൂര്‍ തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ആഭ്യന്തര അന്വേഷണത്തിന് സി.പി.ഐ.എം ഉത്തരവിട്ടിരുന്നു. ഈ അന്വേഷണ കമ്മീഷനിലെ അംഗങ്ങളായിരുന്നു പി.കെ. ബിജുവും പി.കെ ഷാജനും. അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ചെയ്തില്ലെന്നും ഇ.ഡി ആരോപിച്ചു.

Content Highlight: ED notice to former MP PK Biju in Karuvannur black money transaction case

We use cookies to give you the best possible experience. Learn more