| Monday, 30th September 2019, 10:21 pm

ഡി.കെ ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷിനും എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഡി.കെ ശിവകുമാറിന്റെ സഹോദരനും ബെംഗളൂരു റൂറല്‍ എം.പിയുമായ ഡി.കെ സുരേഷിനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ്. അന്വേഷണത്തിന്റെ ഭാഗമായി ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെയും എന്‍ഫോഴ്‌സ്‌മെന്റ് നേരത്തെ വിളിച്ചു വരുത്തിയിരുന്നു.

ഒക്ടോബര്‍ 3ന് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ സുരേഷ് ഹാജരാകുമെന്നാണ് സൂചനകള്‍. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പായി 338 കോടി ആസ്തിയുള്ളതായി സുരേഷ് സത്യവാങ്മൂലം നല്‍കിയിരുന്നു. ഇക്കാര്യവും ശിവകുമാറുമായുള്ള ഇടപാടുകളുമായിരിക്കും എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് അറിയേണ്ടെതെന്നാണ് സൂചന.

രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം ദല്‍ഹിയില്‍ വെച്ച് സെപ്റ്റംബര്‍ 3നാണ് ഡി.കെ ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സ്വത്ത് കണ്ടെത്തിയെന്നാണ് ആരോപണം.

തിഹാര്‍ ജയിലില്‍ വെച്ച് ഡി.കെയ്‌ക്കെതിരെ ഉദ്യോഗസ്ഥര്‍ മൂന്നാം മുറ പ്രയോഗിക്കുന്നതായി കോണ്‍ഗ്രസ് എം.എല്‍.സി എം. ലിംഗപ്പ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നേരമേറെ വൈകിയുള്ള ചോദ്യം ചെയ്യല്‍, അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാതിരിക്കുക, ബെഡ് ഷീറ്റും മരുന്നും നല്‍കാതിരിക്കുക, ബന്ധുക്കളെ കാണാനനുവദിക്കാതിരിക്കുക, ഇരുട്ടു സെല്ലില്‍ തള്ളുക എന്നിങ്ങനെയുള്ള മൂന്നാം മുറകളാണ് അദ്ദേഹത്തിനെതിരെ പ്രയോഗിക്കുന്നത്. അദ്ദേഹത്തെ ആരോപിതനായല്ല, കുറ്റവാളിയായാണ് കാണുന്നത്. ഇക്കാര്യങ്ങളെല്ലാം മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും ലിംഗപ്പ പറഞ്ഞിരുന്നു. കേന്ദ്ര ഏജന്‍സിക്കെതിരെ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കര്‍ണാടക മനുഷ്യാവകാശ കമ്മീഷന് ലിംഗപ്പ പരാതിയും നല്‍കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more