| Wednesday, 18th December 2024, 8:27 am

കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് കുറ്റാരോപിതര്‍ സമ്പാദിച്ച സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇ.ഡിക്ക് അനുവാദമില്ല: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കള്ളപ്പണക്കേസുകളില്‍ കുറ്റാരോപിതരുടെ മുഴുവന്‍ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇ.ഡിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി. കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നതിന് മുമ്പുള്ള അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമ (പി.എം.എം.എല്‍) പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് അനുവാദമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

തൃശൂര്‍ സ്വദേശികളായ ഡേവി വര്‍ഗീസ്, ഭാര്യ ലൂസി എന്നിവര്‍ ഫയല്‍ ചെയ്ത ഹരജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. കരുവന്നൂര്‍ സഹകരണബാങ്കില്‍ നിന്ന് ഹരജിക്കാരും ബിസിനസ് പങ്കാളിയും ചേര്‍ന്ന് അനധികൃതമായി 3.48 കോടി രൂപയുടെ വായ്പ എടുത്തുവെന്നാരോപിച്ച് ഇ.ഡി ഇവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതോടെ ഇവരുടെ മുഴുവന്‍ സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടുകയായിരുന്നു.

എന്നാല്‍ ഇവര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് ഇ.ഡി ആരോപിക്കുന്ന കുറ്റം നടന്നത് 2014ലാണ്. കരുവന്നൂര്‍ ബാങ്ക് ക്രമക്കേടില്‍ ഇ.ഡി കേസ് എടുക്കുന്നത് 2022ലാണ്. അതിനാല് ഹരജിക്കാര്‍ 2000ത്തിന് മുമ്പ് വിവിധ വര്‍ഷങ്ങളിലായി വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് നിയമവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. 1987, 1997, 1999 വര്‍ഷങ്ങളിലാണ് ഹരജിക്കാര്‍ ഈ സ്വത്തുക്കള്‍ വാങ്ങിയത്.

എന്നാല്‍ 1987ല്‍ കള്ളപ്പണവെളുപ്പിക്കല്‍ തടയല്‍ നിയമം നിലവില്‍ വന്നിട്ടില്ലായിരുന്നു. 2002ലാണ് നിയമം പ്രാബല്യത്തില്‍ വന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണ ഇടപാടിലൂടെ പ്രതികള്‍ സമ്പാദിച്ച സ്വത്തുക്കള്‍ രാാജ്യത്തിന് പുറത്തേക്ക് കടത്തി കൈവശം വെച്ചാല്‍ മാത്രമെ മുമ്പ് സമ്പാദിച്ച കേസുകള്‍ കണ്ടുകെട്ടാന്‍ ഇ.ഡിക്ക് അവകാശമുള്ളുവെന്നും കോടതി പറഞ്ഞു.

മറ്റുള്ള സാഹചര്യങ്ങളില്‍ കുറ്റകൃത്യവുമായി ബന്ധമില്ലാത്ത സ്വത്ത് കണ്ടുകെട്ടണമെന്നത്‌ ചട്ടമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആയതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുമുമ്പ് ഹരജിക്കാര്‍ സമ്പാദിച്ച വസ്തുവകകള്‍
കണ്ടുകെട്ടലില്‍നിന്ന് ഒഴിവാക്കാന്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉത്തരവിടുകയും ചെയ്തു.

Content Highlight: ED not allowed to confiscate property acquired by accused before committing a crime says Kerala High Court

Latest Stories

We use cookies to give you the best possible experience. Learn more