| Sunday, 31st March 2024, 8:24 am

കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ നീക്കവുമായി ഇ.ഡി: പാസ്‌വേര്‍ഡ് നല്‍കാന്‍ തയ്യാറാകുന്നില്ലെന്ന് ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മദ്യനയക്കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ ഫോണ്‍ പരിശോധിക്കാന്‍ നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഇതുമായി ബന്ധപ്പെട്ട് ആപ്പിള്‍ കമ്പനിയെ ഇ.ഡി സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

പാസ്‌വേര്‍ഡ് നല്‍കാന്‍ കെജ്‌രിവാള്‍ തയ്യാറാകുന്നില്ലെന്ന് ഇ.ഡി ആരോപിച്ചു. അതേസമയം പാര്‍ട്ടി വിവരങ്ങള്‍ ചോര്‍ത്താനാണ് ഇ.ഡി ശ്രമിക്കുന്നതെന്ന് എ.എ.പി കുറ്റപ്പെടുത്തി. പാസ്‌വേര്‍ഡ് നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് ഇപ്പോള്‍ ആപ്പിള്‍ കമ്പനിയെ സമീപിക്കാന്‍ ഇ.ഡി തീരുമാനിച്ചത്.

കെജ്‌രിവാളിന്റെ വീട്ടില്‍ ഇ.ഡി നടത്തിയ റെയ്ഡിന് പിന്നാലെയാണ് നാല് ഫോണുകള്‍ പിടിച്ചെടുത്തത്. എന്നാല്‍ ഈ നാല് ഫോണുകളുടെയും പാസ്‌വേര്‍ഡ് നല്‍കില്ലെന്ന് അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വിവരം കോടതിയില്‍ ഇ.ഡി അറിയിക്കുകയും ചെയ്തിരുന്നു.

കേസുമായി ബന്ധപ്പെട്ട ഒരുപാട് വിവരങ്ങള്‍ ഫോണില്‍ ഉണ്ടെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്. മദ്യനയം രൂപീകരിച്ചത് മുതല്‍ കെജ്‌രിവാള്‍ ഒരുപാട് പേരെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ അറസ്റ്റിലായ ചിലർ മൊഴി നല്‍കിയിട്ടുണ്ടെന്നും ഇ.ഡി അവകാശപ്പെട്ടു. അതിനാല്‍ അദ്ദേഹത്തിന്റെ ഫോണുകള്‍ പരിശോധിക്കേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡി കോടതിയില്‍ പറഞ്ഞത്.

പുതിയ ഫോണാണ് കെജ്‌രിവാള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും ഇതില്‍ മദ്യനയം രൂപീകരിച്ചതുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും ഇല്ലെന്നും എ.എ.പി അവകാശപ്പെട്ടു. ഇന്ത്യാ സഖ്യവുമായുള്ള ചര്‍ച്ചകളും എ.എ.പിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും മാത്രമാണ് ഫോണില്‍ ഉള്ളതെന്നാണ് പാര്‍ട്ടി ഉന്നയിക്കുന്ന വാദം. ഈ വിവരങ്ങള്‍ അറിയാന്‍ വേണ്ടി മാത്രമാണ് ഫോണ്‍ ചോര്‍ത്താന്‍ ഇ.ഡി ശ്രമിക്കുന്നതെന്ന് എ.എ.പി ആരോപിച്ചു.

തെളിവുകള്‍ ലഭിക്കാത്തതിനാല്‍ കെജ്‌രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇ.ഡി തിങ്കളാഴ്ച കോടതിയില്‍ അറിയിക്കുമെന്നാണ് വിവരം. അതിനിടെ അന്വേഷണം കൂടുതൽ നേതാക്കളിലേക്ക് വ്യാപിപ്പിക്കാനാണ് ഇ.ഡിയുടെ ശ്രമം.

ദൽഹിയിലെ ഗതാഗത മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടിനെ ശനിയാഴ്ച അഞ്ച് മണിക്കൂറോളം ഇ.ഡി ചോദ്യം ചെയ്തിരുന്നു. മദ്യനയത്തിന് രൂപം നൽകിയ മന്ത്രിതല സമിതിയിൽ കൈലാഷ് ഗെഹ്‌ലോട്ടുമുണ്ടായിരുന്നു. രണ്ടാം തവണയാണ് കേസിൽ കൈലാഷ് ഗെഹ്‌ലോട്ടിന് ഇ.ഡി സമൻസ് അയക്കുന്നത്. അദ്ദേഹത്തെ ഇനിയും ചോദ്യം ചെയ്യുമെന്ന് ഇ.ഡി അറിയിച്ചിട്ടുണ്ട്.

Content Highlight: ED moves to check Kejriwal’s phone

We use cookies to give you the best possible experience. Learn more