കൊല്‍ക്കത്ത: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള ഐ.പി.എല്‍ ടീമിന്റെ കീഴിലുള്ള കമ്പനിയുടേത് ഉള്‍പ്പടെ മൂന്ന് കമ്പനികളുടെ 70 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു. റോസ് വാലി അഴിമതിക്കേസുമായി ബന്ധപ്പെട്ടായിരുന്നു നടപടി.
ഷാരൂഖ് ഖാന്റെ നൈറ്റ് റൈഡേഴ്സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കൂടാതെ മള്‍ട്ടിപ്പിള്‍ റിസോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കൊല്‍ക്കത്ത സെന്റ് സേവിയര്‍സ് കോളേജ് എന്നിവയാണ് നടപടി നേരിടുന്ന മറ്റു സ്ഥാപനങ്ങള്‍.
റോസ് വാലി ഗ്രൂപ്പില്‍നിന്നും വിവിധ കമ്പനികള്‍ കൈപ്പറ്റിയിട്ടുള്ള 70.11 കോടി രൂപ വിലയുള്ള സ്ഥാവര ജംഗമ സ്വത്തുക്കളെല്ലാം കള്ളപ്പണ നിരോധന നിയമത്തിന്റെ വിവിധ വകുപ്പുകള്‍ പ്രകാരം കണ്ടുകെട്ടിയിരിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ഈ കമ്പനികളുടെ 16.2 കോടി രൂപ നിക്ഷേപമുള്ള ബാങ്ക് അക്കൗണ്ടുകളും എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. നൈറ്റ് റൈഡേഴ്‌സിന്റെ അക്കൗണ്ടില്‍ മാത്രം 11.87 കോടി രൂപ നിക്ഷേപം ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ഐ.പി.എല്‍ ടീമായ ‘കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സി’ന്റെ ഉടമസ്ഥ കമ്പനിയാണ് നൈറ്റ് റൈഡേഴ്സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്. ഷാരൂഖ് ഖാന്‍, ഭാര്യ ഗൗരി ഖാന്‍, നടി ജൂഹി ചൗള, ഭര്‍ത്താവ് ജയ് മെഹ്ത, വെങ്കടേഷ് മൈസൂര്‍ തുടങ്ങിയവരാണ് കമ്പനി ഡയറക്ടര്‍മാര്‍.
2014-ല്‍ ആണ് റോസ് വാലി ഗ്രൂപ്പിന് എതിരെ എന്‍ഫോര്‍സ്മെന്റ് ഡയറക്ടറേറ്റ് കള്ളപ്പണ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. കൊല്‍ക്കത്തയിലും ഭുവനേശ്വറിലും നിരവധി കേസുകള്‍ ഈ വിഷയത്തില്‍ നിലവിലുണ്ട്. 4,750 കോടിയുടെ സ്വത്തുവകകളാണ് പിടിച്ചെടുക്കാനുള്ളത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ