| Thursday, 11th August 2022, 8:00 am

കിഫ്ബിക്കെതിരായ ഇ.ഡി നീക്കം; എം.എല്‍.എമാര്‍ ഹൈക്കോടതിയില്‍, ഹരജി ഇന്ന് പരിഗണിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കിഫ്ബിക്കെതിരായ ഇ.ഡി നീക്കത്തിനെതിരെ അഞ്ച് എം.എല്‍.എമാര്‍ ഹൈക്കോടതിയെ സമീപിച്ചു. കെ.കെ. ശൈലജ, ഐ.ബി. സതീഷ്, എം. മുകേഷ്, ഇ. ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ എന്നിവരാണ് പൊതു താത്പര്യ ഹരജി നല്‍കിയത്.

73,000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകര്‍ക്കാന്‍ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് ഇ.ഡി ശ്രമിക്കുന്നു എന്നാണ് ഹരജിയില്‍ പറയുന്നത്.

കിഫ്ബി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇനിയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഇതെല്ലാം തടസപ്പെടുത്താനാണ് ഇ.ഡിയുടെ ശ്രമം. മാത്രമല്ല കിഫ്ബി സംബന്ധമായ രേഖകളെല്ലാം വിളിച്ച് വരുത്തുന്നു. ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കുകയും ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തുകയും ചെയ്യുന്നു. വികസന പ്രവര്‍ത്തനം തടസപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യത്തിലാണ് ഇ.ഡി പ്രവര്‍ത്തിക്കുന്നത്. ഇ.ഡിയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

റിസര്‍വ് ബാങ്കിന്റെ അനുമതിയോടെയുള്ള മസാല ബോണ്ട് നിയമാനുസൃതമാണ്. ബൃഹത്തായ പദ്ധതികള്‍ നിസാര കാരണത്താല്‍ തകര്‍ക്കരുത് എന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കിയത് അടുത്ത കാലത്താണ്. കേന്ദ്ര-സംസ്ഥാന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന പ്രത്യേക സംവിധാനങ്ങള്‍ നിര്‍ദേശിച്ചിട്ടുള്ള സാഹചര്യത്തില്‍ ഇ.ഡിയുടെ നീക്കങ്ങള്‍ നിയമവിരുദ്ധമാണെന്നാണ് പൊതു താത്പര്യ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ഹരജി ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് ഇന്ന് പരിഗണിക്കും.

അതേസമയം, കിഫ്ബി ഇടപാടിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസില്‍ മുന്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഇന്ന് ഹാജരാകില്ല.

താന്‍ ഹാജരാകില്ലെന്നും, എന്തിന് ഹാജരാകണമെന്ന കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ടും ഇ.ഡിക്ക് തോമസ് ഐസക്ക് കത്ത് അയച്ചു. എന്താണ് ചെയ്ത കുറ്റമെന്ന് വ്യക്തമാക്കണമെന്നാണ് ഇമെയില്‍ വഴി നല്‍കിയ മറുപടിയില്‍ തോമസ് ഐസക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

കിഫ്ബി രേഖകളുടെ ഉടമസ്ഥന്‍ താനല്ല, തന്റെ സമ്പാദ്യം സമൂഹത്തിനു മുമ്പിലുണ്ടെന്നും തോമസ് ഐസക്ക് അറിയിച്ചു. ഇ.ഡിയുടെ സമന്‍സ് പിന്‍വലിക്കണമെന്നും തുടര്‍ നടപടികള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തോമസ് ഐസക്ക് ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.

‘കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ട് സമന്‍സിലും ഇ.ഡി പറഞ്ഞിട്ടില്ല. രണ്ട് സമന്‍സും നിയമവിരുദ്ധമാണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷണം ഇ.ഡിയുടെ അധികാര പരിധിക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിയമവിധേയമാണ്. ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇ.ഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം.’ തോമസ് ഐസക്ക് വ്യക്തമാക്കി.

Content Highlight: ED move against KIIFB; Five MLAs filed a petition in the High Court

We use cookies to give you the best possible experience. Learn more