ന്യൂദല്‍ഹി: ഒരു ആംആദ്മി നേതാവിനെതിരെ കൂടി നടപടി കടുപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ദല്‍ഹി നിയമസഭയിലെ ഓഖ്‌ലയില്‍ നിന്നുള്ള അംഗം അമാനത്തുള്ള ഖാന്‍ എം.എല്‍.എക്കെതിരെയാണ് ഇത്തവണ ഇ.ഡി കുരുക്ക് മുറുക്കിയിരിക്കുന്നത്.
ദല്‍ഹി വഖഫ് ബോര്‍ഡിലെ നിയമനവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്ന ആരോപണത്തില്‍ അമാനത്തുള്ള ഖാനെതിരെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനായി കോടതിയുടെ അനുമതി തേടിയിരിക്കുകയാണ് ഇ.ഡി. ബുധനാഴ്ചയാണ് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഇ.ഡി ദല്‍ഹി കോടതിയെ സമീപിച്ചത്. അപേക്ഷയുമായി ബന്ധപ്പെട്ട് രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഇ.ഡി കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനാല്‍ എപ്രില്‍ 18നായിരിക്കും കോടതി കേസ് പരിഗണിക്കുക.
ഓഖ്‌ല എം.എല്‍.എ അമാനത്തുള്ള ഖാന്‍, അദ്ദേഹത്തിന്റെ മൂന്ന് കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെയാണ് ഇ.ഡി. കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ദല്‍ഹി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനത്തിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചു എന്നതാണ് കേസ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അമാനത്തുള്ള ഖാനും കൂട്ടാളികള്‍ക്കും ഇ.ഡി നിരവധി തവണ സമന്‍സ് അയച്ചിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.
കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സമന്‍സുകള്‍ അനുസരിക്കാത്തതിന് വിചാരണ നേരിടണമെന്ന് കാണിച്ചും ഇ.ഡി കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 20ന് അമാനത്തുള്ള ഖാനോട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ജനുവരി 23, 31, ഫെബ്രുവരി 9, 19, 26, മാര്‍ച്ച് 4 എന്നീ തീയതികളില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അമനാത്തുള്ള ഖാന്‍ നിരസിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യമില്ല അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ അനുമതി ആവശ്യപ്പെട്ടുകൊണ്ടുള്ള ഇ.ഡി.യുടെ പുതിയ നീക്കം
ദല്‍ഹി മദ്യനയക്കേസില്‍ ഇ.ഡി ചോദ്യം ചെയ്ത ദല്‍ഹി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി രാജ്കുമാര്‍ ആനന്ദ് കഴിഞ്ഞ ദിവസം എ.എ.പി അംഗത്വവും മന്ത്രി സ്ഥാനവും രാജിവെച്ചിരുന്നു. ആംആദ്മി പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ രാജി.
രാജ്കുമാര്‍ ആനന്ദ്
അതേസമയം മുഖ്യമന്ത്രി ജയിലിലായതിനാല്‍ ദല്‍ഹിയില്‍ ഭരണ പ്രതിസന്ധി രൂക്ഷമായരിക്കുകയാണെന്ന് കാണിച്ച് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതായാണ് സൂചന. രാജ്കുമാര്‍ ആനന്ദ് കൂടി രാജിവെച്ചതോടെ ഭരണപ്രതിസന്ധി ഉയര്‍ത്തിക്കാട്ടി ബി.ജെ.പി വലിയ പ്രക്ഷോഭങ്ങള്‍ക്ക് തയ്യാറെടുക്കുന്നുമുണ്ട്.
CONTENT HIGHLIGHTS: ED lined up AAP; Court seeking arrest warrant against MLA without bail