| Saturday, 2nd September 2023, 11:17 am

538 കോടി രൂപയുടെ തിരിമറി; ജെറ്റ് എയർവേയ്‌സ് സ്ഥാപകൻ നരേഷ് ഗോയലിനെ ഇ.ഡി അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ജെറ്റ് എയർവേയ്സ് സ്ഥാപകൻ നരേഷ് ഗോയലിനെ 538 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ്-കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

കാനറ ബാങ്കിന്റെ പരാതിയിൽ മേയ് മാസത്തിൽ സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിരുന്നു. സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ടിലാണ് നരേഷ് ഗോയൽ, ഭാര്യ അനിത, ഗൗരങ്ക് ഷെട്ടി, ഉൾപ്പെടെയുള്ളവർക്കെതിരെ കള്ളപ്പണ ആരോപണം ഉയർന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പി.എം.എം.എൽ.എ) നരേഷ് ഗോയലിനെ കസ്റ്റഡിയിൽ എടുത്ത ഇ.ഡി മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇ.ഡിയുടെ മുംബൈ ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്തത്.

ഗോയലിനെ ഇന്ന് മുംബൈയിലെ പി.എം.എൽ.എ കോടതിയിൽ ഹാജരാക്കുമെന്നും ഇ.ഡി കസ്റ്റഡി ഡിമാൻഡ് ആവശ്യപ്പെടുമെന്നും വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ജെറ്റ് എയർവേയ്‌സ് ഇന്ത്യ ലിമിറ്റഡിന് (ജെ.ഐ.എൽ) 848.86 കോടി രൂപയുടെ വായ്പ അനുവദിച്ചുവെന്നും ഇതിൽ 538.62 കോടി രൂപ കുടിശ്ശികയുണ്ടെന്നുമായിരുന്നു കാനറ ബാങ്കിന്റെ പരാതി.

2021 ജൂലൈയിൽ ജെ.ഐ.എല്ലിന്റെ അക്കൗണ്ട് “തട്ടിപ്പ്” ആയി പ്രഖ്യാപിച്ചിരുന്നുവെന്ന് സി.ബി.ഐ പറയുന്നു. ജെ.ഐ.എല്ലിന്റെ ഫോറൻസിക് ഓഡിറ്റിൽ മൊത്തം കമ്മീഷൻ ചെലവിൽ നിന്ന് 1,410.41 കോടി രൂപ “അനുബന്ധ കമ്പനികൾക്ക്” നൽകിയതായി കണ്ടെത്തിയെന്നും അങ്ങനെയാണ് ജെ.ഐ.എല്ലിൽ നിന്നുള്ള ഫണ്ട് തട്ടിയെടുത്തതെന്നും ബാങ്ക് ആരോപിച്ചു.

ജീവനക്കാരുടെ ശമ്പളം, ഗോയൽ കുടുംബത്തിന്റെ ഫോൺ ബില്ലുകൾ, വാഹന ചിലവുകൾ തുടങ്ങിയവയ്ക്ക് പണം നൽകിയത് ജെ.ഐ.എൽ ആണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ജെറ്റ് ലൈറ്റ് ഇന്ത്യ ലിമിറ്റഡ് (ജെ.എൽ.എൽ) വഴി അഡ്വാൻസ് നിക്ഷേപം നടത്തിയതായും പിന്നീട് വ്യവസ്ഥകൾ ഉണ്ടാക്കി അത് എഴുതിത്തള്ളിയെന്നും ഫോറൻസിക് ഓഡിറ്റിൽ വെളിപ്പെട്ടു. വായ്പകളുടെയും നിക്ഷേപങ്ങളുടെയും രൂപത്തിൽ ജെ.എൽ.എല്ലിനുള്ള ഫണ്ട് ജെ.ഐ.എൽ വകമാറ്റിയതായും ആരോപിക്കപ്പെടുന്നു.

കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം ഇന്ത്യയിലെ പ്രമുഖ സ്വകാര്യ വിമാനക്കമ്പനികളിൽ ഒന്നായ ജെറ്റ് എയർവേയ്സ് 2019ൽ പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. തുടർന്ന്, കമ്പനിയുടെ ചെയർപേഴ്സൺ സ്ഥാനം ഗോയൽ ഒഴിഞ്ഞു.

ഫെബ്രുവരിയിൽ, തട്ടിപ്പും വ്യാജരേഖയും ആരോപിച്ച് മുംബൈ ആസ്ഥാനമായുള്ള അക്ബർ ട്രാവൽസ് ഗോയലിനെതിരെ മറ്റൊരു കേസ് ബോംബെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പരാതിയിൽ കഴമ്പില്ലെന്നും തർക്കം സിവിൽ സ്വഭാവമുള്ളതാണെന്നുമുള്ള മഹാരാഷ്ട്ര പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോടതി വിധി.

2020 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത ഇ.സി.ഐ.ആറും (എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്) ഗോയലിനെതിരായ എല്ലാ നടപടികളും ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ രേവതി മൊഹിതേ ദേരെയും പൃഥ്വിരാജ് ചവാനും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് റദ്ദാക്കിയത്.

Content Highlight: ED arrests Jet Airways founder Naresh Goyal in bank fraud case

We use cookies to give you the best possible experience. Learn more