ദൽഹി മദ്യനയക്കേസ്; കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്
India
ദൽഹി മദ്യനയക്കേസ്; കെജ്‌രിവാളിന് വീണ്ടും ഇ.ഡി സമൻസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2024, 10:23 am

ന്യൂദല്‍ഹി: ദല്‍ഹി മദ്യനയക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചതിന് പിന്നാലെ അരവിന്ദ് കെജ്‌രിവാളിന് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. മാര്‍ച്ച് 21ന് ഹാജരാകണമെന്നാണ് ഇ.ഡി അറിയിച്ചത്. ഇത് ഒമ്പതാം തവണയാണ് കേസുമായി ബന്ധപ്പെട്ട് ഇ.ഡി കെജ്‌രിവാളിന് സമന്‍സ് അയക്കുന്നത്.

മദ്യനയ അഴിമതി കേസിൽ ശനിയാഴ്ചയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് മുൻ‌കൂർ ജാമ്യം ലഭിച്ചത്. ദൽഹി റോസ് അവന്യൂ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ ബോണ്ടും ഒരു ലക്ഷം രൂപയുടെ ആൾജാമ്യവുമാണ് വ്യവസ്ഥ.

മൂന്ന് മിനിട്ട് മാത്രം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിൽ കെജ്‌രിവാൾ കോടതിയിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതോടെ കെജ്‌രിവാളിനെ അറസ്റ്റ് ചെയ്യാനുള്ള ഇ.ഡിയുടെ സാധ്യത അടഞ്ഞു.

മദ്യനയ കേസിൽ ഇ.ഡി നടപടി റദ്ദാക്കണമെന്ന കെജ്‌രിവാളിന്റെ ഹരജി കോടതി തള്ളിയിരുന്നു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തെ ഇ.ഡി എട്ടോളം സമൻസുകൾ അയച്ചിട്ടും കെജ്‌രിവാൾ ഹാജരാകാത്തതാണ് ഹരജി തള്ളാൻ കാരണം.

അതേസമയം, മദ്യനയക്കേസിൽ ബി.ആർ.എസ് നേതാവ് കെ. കവിതയെ വെള്ളിയാഴ്ച ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു. ഇ.ഡിയും ഐ.ടിയും സംയുക്തമായി നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്.

Content Highlight: ED Issues 9th Summons to CM Arvind Kejriwal in Delhi Excise Policy Case