സഹകരണമേഖലയിലെ കേന്ദ്ര ഇടപെടൽ; സംസ്ഥാന സർക്കാരുമായി സഹകരിക്കാം, കോൺഗ്രസിനെ തിരുത്തി യു.ഡി.എഫ്
തിരുവനന്തപുരം: സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ സർക്കാരുമായി സാഹകരിക്കേണ്ട എന്ന കോൺഗ്രസ് നിലപാട് തിരുത്തി യു.ഡി.എഫ്. ഒക്ടോബർ 6ന് നടന്ന യു.ഡി.എഫ് യോഗത്തിലാണ് സി.പി.ഐ.എമ്മിന്റെ സമരങ്ങളോട് സഹകരിക്കേണ്ടതില്ല, എന്നാൽ സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ പരിപാടികളിൽ പങ്കെടുക്കാമെന്ന് ധാരണയായത്.
സഹകരണ മേഖലയിലെ കേന്ദ്ര ഇടപെടലിനെതിരെ സി.പി.ഐ.എമ്മും സർക്കാരും നടത്തുന്ന ഒരുപരിപാടിയിലും സഹകരിക്കേണ്ടതില്ല എന്ന് കോൺഗ്രസ് പ്രവർത്തകർക്ക് നിർദേശം നൽകാൻ ഒക്ടോബർ 5ന് കെ.പി.സി.സി യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിനെ തുടർന്ന്, സി.പി.ഐ.എം സഹകരണ സംരക്ഷണ സമിതി സംഘടിപ്പിച്ച സഹകാരികളുടെ പ്രതിഷേധ സംഗമത്തിൽ അധ്യക്ഷത വഹിച്ചതിന് മുൻ ചേവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാറിന് കോൺഗ്രസ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയിരുന്നു. പാർട്ടി തീരുമാനത്തിന് വിരുദ്ധമായി സി.പി.ഐ.എം പരിപാടിയിൽ പങ്കെടുത്തതിന് ഏഴ് ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നോട്ടീസിൽ ആവശ്യപ്പെട്ടത്.
കോൺഗ്രസ് ഭരിക്കുന്ന ചേവായൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റ് ആയിരുന്നു ജി.സി. പ്രശാന്ത് കുമാർ. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ യു.ഡി.എഫിലെ സി.എം.പി നേതാവ് സി.എൻ. വിജയകൃഷ്ണനും മുസ്ലിംലീഗ് നേതാവ് കാദർ മാസ്റ്ററും പങ്കെടുത്തിരുന്നു.
അതേസമയം, സി.പി.ഐ.എമ്മുമായി ഒരുതരത്തിലും സഹകരിക്കേണ്ട എന്ന കെപിസിസി തീരുമാനത്തോട് മുസ്‌ലിം ലീഗ് ഉൾപ്പെടെ വിയോജിച്ചതിനെ തുടർന്നാണ് യു.ഡി.എഫ് നേതൃത്വം നിലപാട് മയപ്പെടുത്തിയത്. സർക്കാരിനോട് സഹകരണമാകാം എന്ന നിലപാടെടുത്ത സാഹചര്യത്തിൽ കോൺഗ്രസ് സഹകാരിക്കൾക്കെതിരെ നടപടി ഉണ്ടാകില്ലെന്ന് മാധ്യമം റിപ്പോർട്ട് ചെയ്തു.
സഹകരണ സംഘങ്ങളിലെ തട്ടിപ്പ് ജനങ്ങൾക്കിടയിൽ വലിയ രോഷം ഉണ്ടാക്കിയിട്ടുണ്ടെന്നും അത് സി.പി.ഐ.എമ്മിനെതിരെ ആയുധമാക്കാമെന്നുമാണ് യു.ഡി.എഫ് വിലയിരുത്തൽ. കേന്ദ്ര ഇടപെടലിനെ എതിർക്കുന്നതിനോടൊപ്പം സി.പി.ഐ.എമ്മിന്റെ കൊള്ള തുറന്നു കാട്ടാനുമാണ് നേതൃത്വം തീരുമാനിച്ചത്.
CONTENT HIGHLIGHT: ED investigation in cooperative sector; UDF corrected Congress against cooperating with State government